എലിസബത്തുമായി വേര്‍പിരിഞ്ഞുവെന്ന് വ്യക്തമാക്കി നടന് ബാല. കുടുംബജീവിതം രണ്ടാമതും തകര്‍ന്നുവെന്നും അതിന് കാരണം മാധ്യമങ്ങളാണ് എന്നാണ് ബാല ഫെയ്സ്ബുക്ക് ലൈവില്‍ പറയുന്നത്. എന്നാല്‍ എലിസബത്ത് നല്ല വ്യക്തിയാണെന്നും അവര്‍ക്ക് മനസമാധാനം കൊടുക്കണമെന്നും ബാല പറഞ്ഞു.
കുടുംബ ജീവിതത്തില്‍ രണ്ട് പ്രാവശ്യം തോറ്റു പോയി. ഇപ്പോള്‍ എന്റെ കുറ്റമാണോ എന്ന് സ്വയം സംശയം തോന്നുന്നു. രണ്ടാമതും ഈ അവസ്ഥയിലെത്തിച്ചതിന് മാധ്യമങ്ങള്‍ക്ക് നന്ദി. ഒരു കാര്യം പറയാം, എലിസബത്ത് എന്നേക്കാളും നല്ല വ്യക്തിയാണ്. അവര്‍ക്ക് സ്ത്രീയാണ്, ഡോക്ടറാണ്.
കുറച്ച് മനസ്സമാധാനം കൊടുക്കണം. വല്ലാതെ വേദനിപ്പിക്കുന്ന അവസ്ഥയാണ്. എനിക്കും നാവുണ്ട്. എന്നാല്‍ സംസാരിച്ചാല്‍ ശരിയാകില്ല എന്നാണ് ബാല പറയുന്നത്. സെപ്റ്റംബര്‍ 5ന് ആണ് ബാല രണ്ടാമതും വിവാഹിതനായത്. തന്റെ സുഹൃത്തായ ഡോക്ടര്‍ എലിസബത്തിനെയാണ് താരം വിവാഹം ചെയ്തത്.
വിവാഹത്തിന് ശേഷം തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം ബാല സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എലിസബത്ത് ഗര്‍ഭിണിയായ സന്തോഷവും താരം പങ്കുവച്ചിരുന്നു. എന്നാല്‍ ബാലയും ഭാര്യ എലിസബത്തും വേര്‍പിരിഞ്ഞെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ കുറച്ച് ദിവസങ്ങളായി പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് നടന് പ്രതികരണവുമായി രംഗത്ത് വന്നത്.







