'രേഖാചിത്രം' ഒടിടിയിലേക്ക്; സ്ട്രീമിങ് തീയതി പ്രഖ്യാപിച്ച് നിർമാതാക്കൾ

ആസിഫ് അലി-അനശ്വര രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമായിരുന്നു ‘രേഖാചിത്രം’. ഈ വർഷം പുറത്തിറങ്ങിയ മലയാളസിനിമകളിൽ മികച്ച അഭിപ്രായങ്ങൾ ലഭിച്ച ചിത്രം ബോക്സ് ഓഫീസിൽ നിന്നും 75 കോടി സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ രേഖാചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കൾ.

മാർച്ച് 14 മുതൽ സോണി ലൈവിൽ ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി സ്ട്രീമിങ് ആരംഭിക്കും. അനശ്വര രാജൻ നായികയായെത്തിയ സിനിമയിൽ മനോജ് കെ ജയൻ, ഭാമ അരുൺ, സിദ്ദിഖ്, ജഗദീഷ്, സായ് കുമാർ, ഇന്ദ്രൻസ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, ഹരിശ്രീ അശോകൻ, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയടി നേടിയ സെറിൻ ശിഹാബ് തുടങ്ങി വലിയ ഒരു താരനിര തന്നെയാണ് ഉള്ളത്.

ആസിഫ് അലിയുടെയും അനശ്വര രാജന്റെയും മികച്ച പ്രകടനങ്ങളാണ് സിനിമയുടെ ഹൈലൈറ്റ്. ചിത്രത്തിലെ മമ്മൂട്ടി സാന്നിധ്യവും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. 90 ലൊക്കേഷനുകളിലായി 60 ദിവസങ്ങൾ കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ‘ദ പ്രീസ്റ്റ്’ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് രേഖാചിത്രം.