2023ലെ ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ ഉർവശിക്കും വിജയരാഘവനും പുരസ്കാരങ്ങൾ ലഭിച്ചത് മലയാളികൾക്ക് ഇരട്ടി മധുരമായി മാറിയിരുന്നു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ പ്രകടനത്തിന് ഉർവശി മികച്ച സഹനടിയായപ്പോൾ, പൂക്കാലം എന്ന ചിത്രത്തിലൂടെ വിജയരാഘവൻ മികച്ച സഹനടനുളള അവാർഡും നേടി. പൂക്കാലം സിനിമയിൽ ഇട്ടൂപ്പ് എന്ന വയോധികന്റെ കഥാപാത്രം മികവുറ്റതാക്കിയതിനാണ് വിജയരാഘവന് പുരസ്കാരം ലഭിച്ചത്. അതേസമയം അവാർഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും നല്ല കഥാപാത്രങ്ങൾ കിട്ടുന്നതാണ് എറ്റവും വലിയ സന്തോഷമെന്നും പറയുകയാണ് വിജയരാഘവൻ. എഷ്യാനെറ്റ് ന്യൂസിനോടാണ് നടൻ മനസുതുറന്നത്.
“അവാർഡ് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കിട്ടിയപ്പോൾ സന്തോഷം. പുരസ്കാരങ്ങളെക്കാൾ ഉപരിയായി നല്ല കഥാപാത്രങ്ങൾ കിട്ടുമ്പോഴാണ് എനിക്ക് ഏറ്റവും വലിയ സന്തോഷം കിട്ടുന്നത്. പൂക്കാലത്തിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ എനിക്ക് ഭയങ്കര സന്തോഷം തോന്നി. പടം എങ്ങനെയുണ്ടാകുമെന്ന് എനിക്കറിയല്ല. എന്റെ വേഷം ഞാൻ ചെയ്യാൻ ശ്രമിക്കാം എന്നാണ് പറഞ്ഞത്. അവർക്കും ഇത് വർക്കൗട്ട് ആകുമോയെന്ന പേടിയുണ്ടായിരുന്നു. ഒടുവിൽ മേക്കപ്പൊക്കെ ചെയ്ത് വന്നപ്പോൾ എല്ലാം ശരിയായി”, നടൻ പറഞ്ഞു.
Read more
“വണ്ണവും വയറുമൊക്കെ കുറച്ചു. വിജയരാഘവന്റെ അംശങ്ങളൊന്നും കഥാപാത്രത്തിൽ ഉണ്ടാകരുതെന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നു. അതല്ലാതെ വേറെ തയ്യാറെടുപ്പൊന്നും ഉണ്ടായില്ല. എന്നെ സംബന്ധിച്ച് ഇത് ഏറ്റവും വലിയ ആനന്ദം ആണ്. ഓരോ സീനുകൾ കണ്ട് ആളുകൾ കയ്യടിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് നമ്മുടെ പ്രചോദനം. സംവിധായകരൊക്കെ നന്നായി ചെയ്തുവെന്ന് പറയുമ്പോഴാണ് നമ്മൾ ആസ്വദിക്കുന്നത്. പ്രേക്ഷകരുടെ കയ്യടിയാണ് ഏറ്റവും വലിയ ആവേശം”, വിജയരാഘവൻ മനസുതുറന്നു.








