മകള്‍ 'സമാധിയായി' എന്ന് പറഞ്ഞ് വരെ അധിക്ഷേപം, വിജയ് ഭക്തനാണ്, അന്ധവിശ്വാസിയല്ല..; കണ്ണീരോടെ ദേവിക

മകള്‍ക്ക് ‘ഓ പരമാത്മ’ എന്ന് പേരിട്ടതിന് പിന്നാലെ കടുത്ത രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളാണ് ഗായകന്‍ വിജയ് മാധവും നടി ദേവിക നമ്പ്യാരും നേരിടുന്നത്. മകന് ‘ആത്മജ’ എന്നാണ് ഇരുവരും ഇട്ട പേര്. മകള്‍ക്ക് നല്‍കിയ പേര് ഒരേസമയം വിചിത്രവും, മകന് ഇട്ട പേര് പെണ്‍കുട്ടികള്‍ക്കുള്ളതെന്നും വിമര്‍ശനങ്ങള്‍ എത്തുന്നുണ്ട്. അന്ധവിശ്വാസം തലയില്‍ കയറി ഇട്ട പേരുകളാണ് എന്നിങ്ങനെയുള്ള വിമര്‍ശനങ്ങളും എത്തിയിരുന്നു.

ഈ വിമര്‍ശനങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് വിജയ് മാധവും ദേവികയും. വിജയ് മാധവ് അന്ധവിശ്വാസിയാണെന്നും, ദേവികയെ അഭിപ്രായസ്വാതന്ത്ര്യം പോലും നല്‍കാതെ പിടിച്ചുവച്ചിരിക്കുന്നു, വിജയ് മാധവില്‍ നിന്നും പിരിഞ്ഞു പൊയ്ക്കൂടേ തുടങ്ങിയ ചോദ്യങ്ങളാണ് ദേവിക നമ്പ്യാര്‍ കേട്ടതില്‍ ചിലത്.

വിജയുമായുള്ള വിവാഹാലോചന വന്ന സമയം, ഇവരുടെ ജാതകം ചേരില്ല എന്നും വിവാഹം നടന്നാല്‍ വിജയുടെ ജീവന് തന്നെ ഹാനികരമായേക്കാം എന്നും ജാതകം നോക്കി പലരും പറഞ്ഞപ്പോഴും, അത് വകവെക്കാത്ത വിജയ് മാധവിനെയാണ് പലരും അന്ധവിശ്വാസിയെന്ന് വിളിക്കുന്നത് എന്നാണ് ദേവിക പറയുന്നത്.

അദ്ദേഹം ഭക്തനാണ് എന്ന കാര്യം സത്യമെങ്കിലും, നാട്ടുകാര്‍ വിളിക്കുന്ന തരത്തിലെ അന്ധവിശ്വാസം വിജയ് മാധവിന് തെല്ലുമില്ല. വീട്ടില്‍ കാര്‍ ഒന്ന് മാറ്റി പാര്‍ക്ക് ചെയ്യണം എങ്കിലും പോലും തന്റെ അഭിപ്രായം ചോദിക്കുന്നയാളാണ് വിജയ് മാധവ്. നാട്ടുകാര്‍ പറയും പോലെ, താന്‍ എന്ത് കേട്ടാലും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ഭാര്യ അല്ല. സാമ്പത്തിക സ്വാതന്ത്ര്യമുണ്ട്. സ്വതന്ത്രയായി ജീവിക്കാനുള്ള കെല്‍പ്പുമുണ്ട് എന്നും ദേവിക വ്യക്തമാക്കി.

പ്രസവം കഴിഞ്ഞ ശേഷം ചാനലുകള്‍ ഉള്‍പ്പെടെ തങ്ങളുടെ അഭിമുഖം ചോദിക്കുന്നുണ്ട്. എന്നാല്‍, അത്ര എളുപ്പമല്ലാതിരുന്ന പ്രസവം കഴിഞ്ഞ് വിശ്രമിക്കുന്ന ദേവിക നമ്പ്യാരുടെ ആരോഗ്യം കണക്കിലെടുത്ത് താന്‍ അതിന് മുതിര്‍ന്നില്ല. തങ്ങള്‍ക്ക് ചിലരെപ്പോലെ ആവശ്യത്തിലേറെ പ്രൊമോഷന്‍ ചെയ്തു കിട്ടുന്ന വരുമാനം ആവശ്യമില്ല. മകന്‍ ആത്മജ വന്നു പേര് മാറ്റി അവനിഷ്ടമുള്ള ഒരു പേരിടണം എന്ന് ആവശ്യപ്പെട്ടാലും സ്വീകരിക്കും.

ഇനിയും ഈ ലോകം പരിചയിച്ചുപോലും തുടങ്ങാത്ത മകളെ സമാധിയായി എന്ന നിലയില്‍ പോലും അധിക്ഷേപിക്കുന്നുണ്ട്. പുരുഷന്മാരെക്കാളും മോശം കമന്റുകള്‍ പറയുന്നത് സ്ത്രീകളാണ്. കുഞ്ഞ് പിറന്നതിന്റെ വൈബിലാണ് തങ്ങളെന്നും, തന്റെ കുടുംബത്തെയും മക്കളെയും വെറുതെ വിടണം എന്നാണ് വിജയ് മാധവ് പറയുന്നത്.