വിനായകന്‍ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല; നടന് എതിരെ രൂക്ഷവിമര്‍ശനവുമായി വിധു വിന്‍സെന്റ്

സിനിമയുടെ പ്രമോഷന്‍ പരിപാടിയ്ക്കിടെ വിനായകന്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായിക വിധു വിന്‍സന്റ്. തോന്നുന്നതെന്തും വിളിച്ചു പറയാന്‍ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന ചിന്തയാണ് വിനായകന്റേത് എങ്കില്‍ അത് തിരുത്തിക്കൊടുക്കാന്‍ സുഹൃത്തുക്കള്‍ ശ്രമിക്കണമെന്ന് വിധു വിന്‍സന്റ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം:

ഒരുത്തീയുടെ പ്രസ് കോണ്‍ഫറന്‍സില്‍ വിനായകന്‍ നടത്തിയ അഭിപ്രായപ്രകടനം കഴിഞ്ഞ ദിവസമാണ് കണ്ടത്. വിനായകന്‍ സുഹൃത്താണ് എന്നാലും പറയാതിരിക്കാനാവില്ല. വായില്‍ തോന്നുന്നതെന്തും വിളിച്ചു പറയാന്‍ പറ്റുന്നതാണ് സ്വാതന്ത്ര്യമെന്ന് വിനായകന് തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളെങ്കിലും അതൊന്ന് തിരുത്തിക്കൊടുക്കണം. വിനായകന്‍ പറഞ്ഞതൊക്കെയും സ്ത്രീകളെ അപമാനിക്കുന്നവയാണ്. പറഞ്ഞു പോയതിന്റെ പേരില്‍ വിനായകന്‍ മാപ്പ് പറയുകയാണ് വേണ്ടത്.

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നു തോന്നിയാല്‍ അതു നേരിട്ടു ചോദിക്കുമെന്നത് അടക്കം വിനായകന്‍ നടത്തിയ പരാമര്‍ശങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. നടന്‍ ഹരീഷ് പേരടി, എഴുത്തുകാരി ഡോ. എസ്. ശാരദക്കുട്ടി തുടങ്ങി നിരവധി പേര്‍ വിനായകനെതിരെ രംഗത്തെത്തിയിരുന്നു.