കിലാഫത്തല്ലേ, ചന്തപ്പെര കുത്തി മറിച്ചിടാന്‍ അവര് വന്നില്ലേ..വാരിയംകുന്നന്‍ വര്‍ന്ന്ണ്ട്ച്ചാല്‍ നരി വര്ണൂന്നാ': റമീസ് മുഹമ്മദ്

 

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി രക്തസാക്ഷിയായിട്ട് ഇന്ന് നൂറു വര്‍ഷം തികയുന്നുവെന്ന് തിരക്കഥാകൃത്ത് റമീസ് മുഹമ്മദ്. ‘കിലാഫത്തല്ലേ, ചന്തപ്പെര കുത്തിമറിച്ചിടാന്‍ അവര് വന്നില്ലേ.. വാരിയംകുന്നന്‍ വര്‍ന്ന്ണ്ട്ച്ചാല്‍ നരി വര്ണൂന്നാ’, റമീസ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

തിരക്കഥാകൃത്ത് ഹര്‍ഷാദും ഇതേകാര്യം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു. ‘പടച്ചവന്റെ സൃഷ്ടികളെ നാല് ജാതികളാക്കിത്തിരിച്ച് അത് ദൈവം പറഞ്ഞതാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഭൂരിപക്ഷം മനുഷ്യരെയും അടിമകളാക്കി ഭരിക്കുന്ന ജന്മിമാര്‍’ പിന്നീട് കുറച്ചു നാളേക്കെങ്കിലും ബ്രിട്ടീഷ് സാമ്യാജ്യത്വത്തിന് പ്രവേശനം ഇല്ലാതിരുന്ന ഒരു രാജ്യ സ്ഥാപനത്തിന്റെ ഡിക്ലറേഷന്‍ സമയത്ത് മലബാര്‍ സുല്‍ത്താന്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നടത്തിയ ഒരു പ്രയോഗമാണിത് എന്നായിരുന്നു ഹര്‍ഷാദ് കുറിച്ചത്.

അടുത്തിടെ ആയിരുന്നു റമീസ് ‘സുല്‍ത്താന്‍ വാരിയംകുന്നന്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തത്. പുസ്തകത്തിലൂടെ വാരിയംകുന്നനെന്ന പേരില്‍ പുറത്തുവിട്ട ചിത്രത്തിന്റെ ആധികാരികത ചോദ്യം ചെയ്ത് നിരവധി പേര്‍ രംഗത്ത് വരികയും ചെയ്തു. ഇക്കൂട്ടര്‍ക്ക് റമീസ് തന്നെ മറുപടിയും നല്‍കിയിരുന്നു.

പുസ്തകത്തിന്റെ അടുത്ത പതിപ്പില്‍ ഫോട്ടോ പ്രസിദ്ധീകരിച്ച ഫ്രഞ്ച് മാഗസിന്റെ മൂന്ന് പേജുകള്‍ കൂടി ഉള്‍പ്പെടുത്തുമെന്ന് റമീസ് ഒരു മാധ്യമത്തോട് പറഞ്ഞു. ‘വാരിയംകുന്നന്‍’ എന്ന പേരില്‍ പുറത്തിറങ്ങുന്ന സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാണെന്നും അദ്ദേഹം പറഞ്ഞു.