ബാലേട്ടന്റെ തിരക്കഥ ഷാഹിദ് എഴുതിയത് മറ്റൊരു നടനെ മനസ്സില്‍ കണ്ട്: സംവിധായകന്‍ വി.എം വിനു പറയുന്നു

മോഹന്‍ലാല്‍ നായകനായി എത്തിയ ബാലേട്ടന്‍ എന്ന സിനിമ മലയാളത്തിലെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ്. ടി.എ ഷാദിന്റെ തിരക്കഥയില്‍ വി.എം വിനു സംവിധാനം ചെയ്ത ചിത്രം ഏറെ പ്രേക്ഷക പ്രീതി നേടി. ഇന്നും ചിത്രത്തിന് പ്രേക്ഷകര്‍ ഏറെയുണ്ട്. 2003- ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ബാലേട്ടന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിന്റെ തിരക്കഥയെഴുതുമ്പോല്‍ നായകനായി ആദ്യം മനസ്സില്‍ കണ്ടിരുന്നത് മറ്റൊരു നടനേയായിരുന്നെന്ന് പറയുകയാണ് വി.എം വിനു.

“കണ്‍മഷിക്കു ശേഷം അടുത്ത ചിത്രത്തെ കുറിച്ചുള്ള ആലോചനയില്‍ ഇരിക്കുമ്പോഴാണ് ഷാഹിദ് ഒരു കഥ പറയാന്‍ എന്നെ കാണാനെത്തുന്നത്. ഒരു അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ ഷാഹിദ് എന്നോട് പറഞ്ഞു. കേട്ടപ്പോള്‍ തന്നെ ഹൃദയസ്പര്‍ശിയായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ഞാനതില്‍ കണ്ടു. കഥ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. പിന്നീട് അതിന്റെ തിരക്കഥ പൂര്‍ത്തിയാക്കാനുള്ള ശ്രമമായിരുന്നു. തുടര്‍ന്ന് രണ്ട് മാസം കൊണ്ട് തിരക്കഥ പൂര്‍ത്തിയായി. ചിത്രത്തിന് ബാലേട്ടനെന്ന് പേരുമിട്ടു.”

Read more

“ഈ തിരക്കഥയില്‍ ആരെയാണ് നടനായി മനസ്സില്‍ കാണുന്നതെന്ന് ഞാന്‍ ചോദിച്ചപ്പോല്‍ “ജയറാമായാല്‍ കലക്കില്ലേ” എന്നാണ് ഷാഹിദ് ചോദിച്ചത്. എന്നാല്‍ കഥ കേട്ടപ്പോള്‍ എന്റെ മനസിലേക്ക് കടന്നുവന്ന നടന്റെ മുഖം മോഹന്‍ലാലിന്റേതായിരുന്നു. മോഹന്‍ലാല്‍ എന്ന നടനില്‍ നിന്ന് നമ്മള്‍ കാണാന്‍ ആഗ്രഹിക്കുന്ന കഥാപാത്രമായിരുന്നു അത്. ജയറാമാണെങ്കില്‍ അത്തരം നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുമുണ്ട്. കഥ മോഹന്‍ലാലിനോട് പറഞ്ഞപ്പോള്‍ നമുക്കിത് ഉടന്‍ തന്നെ ചെയ്യാമെന്നാണ് പറഞ്ഞത്.” സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലുമായുള്ള അഭിമുഖത്തില്‍ വി.എം വിനു പറഞ്ഞു.