'ഈ ഇന്ത്യയെ ഓര്‍ത്ത് ലജ്ജിക്കുന്നു, താങ്കള്‍ ചെന്നൈയിലേക്ക് വരൂ, ഞങ്ങള്‍ നോക്കിക്കോളാം'; മുനവര്‍ ഫാറൂഖിക്ക് പിന്തുണയുമായി ടി.എം കൃഷ്ണ

ഹിന്ദുത്വ സംഘടനകളുടെ ആക്രമണം നേരിടുന്ന സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിക്ക് പിന്തുണയുമായി തമിഴ് സംഗീതജ്ഞന്‍ ടി.എം കൃഷ്ണ. വിദ്വേഷ പ്രചാരണം ആരോപിച്ച് മുനാവറിന്റെ പരിപാടിക്ക് കഴിഞ്ഞ ദിവസം ബംഗ്ലുരു പൊലീസ് അനുമതി നിഷേധിച്ചിരുന്നു.

ഇതോടെ താന്‍ കരിയര്‍ അവസാനിപ്പിക്കുന്നതായി താരം ട്വീറ്റ് ചെയ്തിരുന്നു. കലാകാരനെ വേട്ടയാടുന്ന ഈ ഇന്ത്യയെ ഓര്‍ത്ത് ലജ്ജിക്കുന്നു എന്നാണ് ടി.എം കൃഷ്ണ പറയുന്നത്. താരത്തെ ചെന്നൈയിലെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ടാണ് സംഗീതജ്ഞന്റെ ട്വീറ്റ്.

”ഈ ഇന്ത്യയെ ഓര്‍ത്ത് ലജ്ജിക്കുന്നു. കലാകാരനെ ഭീഷണിപ്പെടുത്തുകയും വേട്ടയാടുകയും ബഹിഷ്‌കൃതനാക്കുകയും ചെയ്യുന്ന ഒരു രാജ്യം. മുനവര്‍, ദയവായി ചെന്നൈയിലേക്ക് വരൂ… ഞങ്ങള്‍ നോക്കിക്കൊള്ളാം താങ്കളെ. എന്റെ വീട് താങ്കള്‍ക്കായി തുറന്നുകിടക്കുകയാണ്. സസ്നേഹം…” എന്ന് ടി.എം കൃഷ്ണ ട്വീറ്റ് ചെയ്തു.

ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മുനവര്‍ ഫാറൂഖിയുടെ പരിപാടിയുടെ അനുമതി കഴിഞ്ഞ ദിവസം ബംഗ്ലുരു പൊലീസ് റദ്ദാക്കിയിരുന്നു. ഷോ നടത്താന്‍ അനുവദിക്കില്ലെന്ന് ബംഗളൂരുവിലെ ഹിന്ദു ജാഗരണ്‍ സമിതി നേതാവ് മോഹന്‍ ഗൗഡ ഭീഷണിയും മുഴക്കിയിരുന്നു.