എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടം, ആന്റണി പെരുമ്പാവൂരിനോട് സംസാരിക്കാന്‍ താത്പര്യമില്ല; ആ സിനിമയ്ക്ക് സംഭവിച്ചത് വെളിപ്പെടുത്തി സിബി മലയില്‍

മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ദശരഥത്തിന്റെ രണ്ടാം ഭാഗം എത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആ സിനിമയെക്കുറിച്ചുള്ള വാര്‍ത്തകളൊന്നും പുറത്തുവന്നില്ല. ഇപ്പോഴിതാ ദശരഥത്തിന്റെ രണ്ടാം ഭാഗത്തിന് സംഭവിച്ചതെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സിബിമലയില്‍. മനോരമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ്സുതുറന്നത്.

സിബി മലയിലിന്റെ വാക്കുകള്‍

ഹേമന്ത് കുമാര്‍ എഴുതി പൂര്‍ത്തിയാക്കിയതാണ്. നിരവധി പേര്‍ രണ്ടാം ഭാഗത്തിന്റെ കഥയുമായി എന്റെയടുത്തു വന്നിരുന്നു. ഒന്നും ഇഷ്ടപ്പെട്ടില്ല. പലരും മോഹന്‍ലാലിനേയും സമീപിച്ചിരുന്നു. ഞാന്‍ ആഗ്രഹിച്ച തുടര്‍ച്ചയായിരുന്നു ഹേമന്ത് കുമാര്‍ എഴുതിയത്. എന്നാല്‍ മോഹന്‍ലാലിന്റെ പിന്തുണ കിട്ടിയില്ല. നെടുമുടി വേണുവും ഈ ചിത്രം ചെയ്യണമെന്നു ഏറെ ആഗ്രഹിച്ചിരുന്നു.

ലാലിനോടു താന്‍ പറയാമെന്നും വേണു പറഞ്ഞു. എന്നാല്‍ ലാലിനെ ബോധ്യപ്പെടുത്തുകയല്ല, ലാലിനു ബോധ്യപ്പെടുകയാണ് വേണ്ടത്. എന്റെ കരിയറിലെ ഏറ്റവും വലിയ നഷ്ടമാണിത്. എനിക്കു മാത്രമേ ആ നഷ്ടത്തിന്റെ ആഴം അറിയൂ. ഇനി ആ സിനിമ സംഭവിക്കില്ല. ലോഹിതദാസിനുള്ള ആദരവായി ദശരഥം രണ്ടാം ഭാഗത്തിന്റെ തിരക്കഥ പുസ്തക രൂപത്തില്‍ ഇറക്കും.

ആന്റണി പെരുമ്പാവൂരിനോട് സംസാരിക്കാന്‍ താല്‍പര്യമില്ല. ഇവരൊക്കെയാണോ എന്റെ സിനിമകളില്‍ തീരുമാനമെടുക്കേണ്ടത്. എനിക്കു പോകാന്‍ പറ്റാത്ത ഇടമാണെങ്കില്‍ പിന്നെ ഞാന്‍ അതിനു ശ്രമിക്കില്ല. എന്നെ നിഷേധിക്കുന്നിടത്തു, എന്നോടു മുഖം തിരിക്കുന്നിടത്തേക്കു ഞാന്‍ പോകാറില്ല. എന്റെ ഇത്തരം നിലപാടുകള്‍ കാരണം നഷ്ടങ്ങള്‍ ഒരുപാടു സംഭവിച്ചിട്ടുണ്ട്. മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്. പക്ഷേ എന്റെ വ്യക്തിത്വത്തെ ഇല്ലാതാക്കിക്കൊണ്ട് ജീവിക്കാന്‍ എനിക്കു സാധിക്കില്ല. അത്തരത്തിലൊരു ജീവിതം ദുരന്തമാണ്.

ലാലിനു എന്നെ ആവശ്യമുണ്ടെന്നു തോന്നുമ്പോള്‍ എന്റെയടുത്തേക്കു വരാം. ആവശ്യമുണ്ടാകില്ലെന്നറിയാം. പ്രതീക്ഷിക്കുന്നുമില്ല. എനിക്കു പരാജയങ്ങളും വിജയങ്ങളും പാളിച്ചകളും ഉണ്ടായിട്ടുണ്ട്. അതെന്റെ മാത്രം കാര്യങ്ങളാണ്. മറ്റുള്ളവര്‍ക്കതു വിഷയമാണോ എന്നത് എനിക്കറിയില്ല.