പ്രഭാസിനെ കണ്ട് മാപ്പ് പറയണം എന്ന് വിചാരിച്ചതാണ്, എന്നാല്‍ അദ്ദേഹം എന്നെ അമ്പരിപ്പിച്ചു: സൂര്യ

തന്റെ ഒപ്പം അഭിനയിക്കുന്നവര്‍ക്ക് തന്റെ വീട്ടില്‍ പാകം ചെയ്ത ഭക്ഷണം നല്‍കുന്ന താരമാണ് പ്രഭാസ്. അമിതാഭ് ബച്ചന്‍ മുതല്‍ ശ്രുതി ഹാസന്‍ വരെ ഇക്കാര്യം ശരി വച്ചതാണ്. പ്രഭാസിനൊപ്പം ഭക്ഷണം കഴിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ സൂര്യ ഇപ്പോള്‍.

ഹൈദരാബാദ് ഫിലിം സിറ്റിയില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗിന് പോയപ്പോള്‍ അവിചാരിതമായി പ്രഭാസിനെ കണ്ടുമുട്ടിയതിനെ കുറിച്ചാണ് സൂര്യ പറയുന്നത്. പ്രഭാസിനെ കണ്ടപ്പോള്‍ രാത്രി ഭക്ഷണം ഒന്നിച്ചാകാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ തന്റെ ചിത്രീകരണം രാത്രി 11.30 വരെ നീണ്ടു പോയി.

അതുകൊണ്ട് ഡിന്നര്‍ പ്ലാന്‍ മുടങ്ങി, പിറ്റേ ദിവസം അദ്ദേഹത്തെ കാണണമെന്നും മാപ്പ് പറണമെന്നും വിചാരിച്ചു. എന്നാല്‍ തന്നെ അമ്പരിപ്പിച്ചു കൊണ്ട് രാത്രി വൈകിയും പ്രഭാസ് കാത്തിരുന്നു. ഹോട്ടല്‍ റൂമിലെത്തിയ പ്രഭാസ് തന്റെ അമ്മ ഇരുവര്‍ക്കുമായി പാചകം ചെയ്ത ബിരിയാണി നല്‍കിയതായാണ് സൂര്യ പറയുന്നത്.

തന്റെ ജീവിതത്തില്‍ ഇത്രയും നല്ല ബിരിയാണി കഴിച്ചിട്ടില്ല എന്നാണ് സൂര്യ പറയുന്നത്. ബിഗ് ബജറ്റ് ചിത്രമായ ‘ആദിപുരുഷ്’ ആണ് പ്രഭാസിന്റെതായി റിലീസിന് ഒരുങ്ങുന്നത്. രാമായണത്തെ അടിസ്ഥാനപ്പെടുത്തിയ സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഓം റൗട്ട് ആണ്.

ഏറെ വിമര്‍ശനങ്ങള്‍ കേട്ട ചിത്രമാണ് ആദിപുരുഷ്. ചിത്രത്തിന്റെ ടീസര്‍ എത്തിയതോടെ സിനിമയെ ട്രോളി കൊണ്ട് പ്രേക്ഷകരും എത്തിയിരുന്നു. സിനിമ രാമായണത്തെ നശിപ്പിക്കുന്നു എന്ന വിവാദങ്ങളും എത്തിയിരുന്നു. അതേസമയം, ബാലയുടെ വണങ്കാന്‍ ആണ് സൂര്യയുടെതായി ഒരുങ്ങുന്ന പുതിയ ചിത്രം.