പത്മ പുരസ്‌കാരത്തിന് അപേക്ഷിച്ചിട്ടില്ല, എന്നെ ചുവന്ന പട്ടില്‍ കിടത്തുമ്പോള്‍ ഗണ്‍ സല്യൂട്ട് തരാന്‍ പേരിനൊപ്പമുള്ള 'ഭരത്' തന്നെ ധാരാളം: സുരേഷ് ഗോപി

ഒരു പത്മ പുരസ്‌കാരത്തിന് പോലും താന്‍ അപേക്ഷിച്ചിട്ടില്ലെന്ന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. തന്നെ ചുവന്ന പട്ടില്‍ പുതച്ച് കിടത്തുമ്പോള്‍ ഗണ്‍ സല്യൂട്ട് തരാന്‍ പേരിന് ഒപ്പമുള്ള ‘ഭരത്’ തന്നെ ധാരാളമാണ് എന്നാണ് സുരേഷ് ഗോപി പറയുന്നത്. ‘മനോരമ ന്യൂസ് ന്യൂസ്‌മേക്കര്‍ 2024’ പുരസ്‌കാരം ഏറ്റുവാങ്ങി കൊണ്ടാണ് സുരേഷ് ഗോപി സംസാരിച്ചത്.

താന്‍ ഇതുവരെ ഒരു പത്മ പുരസ്‌കാരത്തിന് വേണ്ടി അപേക്ഷിച്ചിട്ടില്ല. എന്നാല്‍ ആരൊക്കെ അപേക്ഷിച്ചിട്ടുണ്ടെന്നും ആര്‍ക്കെല്ലാം വേണ്ടി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് തനിക്ക് മാത്രമെ അറിയൂ. തന്നെ ചുവന്ന പട്ടില്‍ പുതച്ച് കിടത്തുമ്പോള്‍ ഗണ്‍ സല്യൂട്ട് തരാന്‍ പേരിന് ഒപ്പമുള്ള ‘ഭരത്’ തന്നെ ധാരാളമാണ്.

അവാര്‍ഡ് പട്ടികയില്‍ നിന്ന് പലപ്പോഴും തന്റെ ചിത്രങ്ങള്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ട്. അവാര്‍ഡ് മുടക്കുന്ന ജൂറി അംഗങ്ങളെ തനിക്ക് അറിയാം. മന്ത്രി ആയതിനാല്‍ കേന്ദ്ര ജൂറി സിനിമകള്‍ പരിഗണിച്ചില്ല, അതില്‍ കേന്ദ്രസര്‍ക്കാരിനോട് അഭിമാനമുണ്ട് എന്നാണ് സുരേഷ് ഗോപി പറയുന്നത്. അതേസമയം, 1998ല്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡും കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സുരേഷ് ഗോപി നേടിയിരുന്നു.

Read more

കളിയാട്ടം എന്ന സിനിമയിലെ പെര്‍ഫോമന്‍സിനാണ് സുരേഷ് ഗോപി അവാര്‍ഡിന് അര്‍ഹനായത്. ഈ അവാര്‍ഡിന് ശേഷം തന്റെ പ്രൊഫൈലില്‍ എന്ത് ഫാക്ടറാണ് പ്രശ്‌നമായത് എന്ന് തനിക്ക് അറിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ രാഷ്ട്രീയം പ്രശ്‌നമായിരുന്നു എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പുണ്ടായിരുന്നു എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.