രണ്ട് കോടിയില്‍ താഴെ ചിലവാക്കിയൊരുക്കുന്ന ചിത്രങ്ങളുടെ സൂപ്പര്‍സ്റ്റാര്‍, വരാനിരിക്കുന്നത് 22 ചിത്രങ്ങള്‍!

ഇന്ന് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടനാണോ ധ്യാന്‍ ശ്രീനിവാസന്‍? ഇതുവരെ അങ്ങനെ ആയിരുന്നില്ലെങ്കിലും ഇനിയങ്ങോട്ട് അങ്ങനെയാണെന്ന് പറയുന്നതാകും ശരി. 22 ചിത്രങ്ങള്‍ തന്റേതായി വരാനുണ്ടെന്ന് ധ്യാന്‍ പറയുന്നു. ലോക്ക് ഡൗണ് സമയത്ത് കമ്മിറ്റ് ചെയ്ത ചിത്രങ്ങളാണിവ.

‘നിലവില്‍ 22 ചിത്രങ്ങള്‍ കൂടി എന്റേതായി വരാനുണ്ട്. ലോക്ക് ഡൗണ് സമയത്ത് കമ്മിറ്റ് ചെയ്ത ചിത്രങ്ങളാണധികവും. കൂടുതലും നമ്മുക്കറിയാവുന്ന, നമ്മുടെ സുഹൃത്തുക്കളുടെ തന്നെ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളെല്ലാം ചെയ്ത് കഴിഞ്ഞു മിക്കവാറും ഉടനെ തന്നെ ഫീല്‍ഡ് ഔട്ടാവും’ ഓണ്‍ലുക്കേഴ്‌സ് മീഡിയയുമായുള്ള അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.

രണ്ട് കോടിയില്‍ താഴെ ചിലവാക്കിയൊരുക്കുന്ന ചിത്രങ്ങളുടെ സൂപ്പര്‍സ്റ്റാര്‍ എന്നും ധ്യാന്‍ സ്വയം തമാശക്ക് വിശേഷിപ്പിച്ചു. അടുപ്പിച്ചടുപ്പിച്ചാണ് താന്‍ ധ്യാനഭിനയിക്കുന്ന ചിത്രങ്ങള്‍ പ്രഖ്യാപിക്കുന്നതും റിലീസിന് വരുന്നതും. അതുകൊണ്ടാണ് അഭിമുഖങ്ങളില്‍ കൂടുതല്‍ പ്രത്യക്ഷപ്പെടുന്നതെന്നും ധ്യാന്‍ പറഞ്ഞു.

ഉടലാണ് ധ്യാനിന്റേതായി തിയേറ്ററുകളിലെത്താനിരിക്കുന്ന പുതിയ ചിത്രം. രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ്. ഇന്ദ്രന്‍സ് സുപ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തില്‍ ദുര്‍ഗ കൃഷ്ണയാണ് നായിക. മെയ് ഇരുപതിന് ചിത്രം തിയേറ്ററുകളിലെത്തും.