പത്ത് വര്‍ഷം മുന്നേ നമ്മളാരും ഇന്നത്തെ അവസ്ഥയിലായിരുന്നില്ല. നമ്മള്‍ മാറുന്നു, വളരുന്നു, മാറ്റം നല്ലതിനാണ്; ശ്രിന്ദയുടെ വാക്കുകള്‍

മനു വാര്യര്‍ സംവിധാനം ചെയ്ത കുരുതിയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ശ്രിന്ദ. ചിത്രത്തില്‍ ഏക വനിതാ താരം ശ്രിന്ദ മാത്രമാണ്. സുമയെന്ന ഈ കഥാപാത്രം ചെയ്യാന്‍ തന്നെ നിര്‍ദേശിച്ചത് പൃഥ്വിരാജാണെന്നും തിരക്കഥ വായിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നും, നിങ്ങള്‍ ഈ സിനിമ കാണുമ്പോള്‍ ഈ വേഷം എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് മനസ്സിലാവുമെന്നും താരം പറയുന്നു.

തന്റെ സിനിമാജീവിതത്തില്‍ ഇത്തരത്തിലൊരു കഥാപാത്രം ആദ്യമായാണ് അവതരിപ്പിക്കുന്നതെന്നും ശ്രിന്ദ പറഞ്ഞു. സാറയുടെ റിലീസിന് ശേഷം താരത്തിന്റെ രണ്ടാമത് ഒ.ടി.ടി റിലീസ് ചെയ്ത ചിത്രമാണ് കുരുതി. 2021 മെയ് മാസത്തില്‍ തിയേറ്റര്‍ റിലീസിനൊരുങ്ങിയ ചിത്രം കോവിഡിന്റെ രണ്ടാം തരംഗം കാരണം ഒ.ടി.ടി റിലീസ് ചെയ്യുകയായിരുന്നു.

കുരുതി വരെയുള്ള സിനിമാജീവിതത്തെ ഒരു പരിണാമമായാണ് താരം വിശേഷിപ്പിക്കുന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുന്നേ നമ്മളാരും ഇന്നത്തെ അവസ്ഥയില്‍ ആയിരുന്നില്ല. നമ്മള്‍ മാറുന്നു വളരുന്നു, മാറ്റം നല്ലതിനാണ്.
താനെപ്പോഴും സിനിമയെ ഇഷ്ടപ്പെടുന്നു. സിനിമയിലെ കഥാപാത്രം അഞ്ച് മിനിട്ടോ പത്ത് മിനിട്ടോ അതോ കുരുതിയിലെ പോലെ മുഴുനീള കഥാപാത്രമാണെന്നോ നോക്കാറില്ലെന്നും കഥാപാത്രത്തിന്റെ തീവ്രതയാണ് ശ്രദ്ധിക്കാറുളളതെന്നും താരം പറഞ്ഞു.

2012ല്‍ പുറത്തിറങ്ങിയ ആഷിഖ് അബു ചിത്രമായ 22 ഫീമെയ്ല്‍ കോട്ടയം എന്ന ചിത്രത്തിലൂടെയാണ് ശ്രിന്ദ മലയാള സിനിമയിലേക്ക് കടന്നുവന്നത്.