ട്രോളുകൾ വന്നപ്പോഴാണ് ആ ചിത്രം ആദ്യമായി കാണുന്നത്; 'നേരി'ന്റെ കോപ്പിയടി വിവാദത്തിൽ പ്രതികരണവുമായി ശാന്തി മായാദേവി

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘നേര്’ എന്ന ചിത്രം ഒരു അമേരിക്കൻ സിനിമയുടെ കോപ്പിയടി ആണെന്ന് സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വന്നിരുന്നു.

ജാക്ക് ഷോൾഡർ സംവിധാനം ചെയ്ത് 1995ൽ പുറത്തിറങ്ങിയ അമേരിക്കൻ ക്രൈം- ത്രില്ലർ ചിത്രം ‘സ്കെച്ച് ആർട്ടിസ്റ്റ് 2: ഹാൻഡ്സ് ദാറ്റ് ഐ സീ’ എന്ന ചിത്രത്തിൽ നിന്നാണ് നേര് കോപ്പിയടിച്ചതെന്നാണ് സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന വിമർശനം.

ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുയയാണ് ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് കൂടിയായ ശാന്തി മായദേവി. നേരിനെ കുറിച്ചുള്ള ട്രോളുകൾ കണ്ടപ്പോഴാണ് സ്കെച്ച് ആർട്ടിസ്റ്റ് 2 എന്ന ചിത്രം കാണുന്നതെന്നും ചിത്രത്തിലെ അന്ധയായ പെൺകുട്ടി എങ്ങനെ പെരുമാറും എന്നുള്ളതിന് നിരവധി റഫറൻസുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും ശാന്തി മായാദേവി പറയുന്നു.

“ചിത്രത്തിനെ കുറിച്ച് ട്രോളുകൾ വന്നപ്പോഴാണ് സ്‌കെച്ച് ആർട്ടിസ്റ്റ് എന്ന ചിത്രം കാണുന്നത്. അന്ധയായ കുട്ടി എങ്ങനെ പെരുമാറുമെന്ന് മനസിലാക്കാൻ നിരവധി റഫറൻസുകൾ എടുത്തിട്ടുണ്ട്. ഒരേ സ്വഭാവത്തിലുള്ള ചിത്രങ്ങൾ എടുക്കുമ്പോൾ പലപ്പോഴും ഇത്തരത്തിലുള്ള സാമ്യങ്ങൾ കാണാനാകും. ഒരു സീൻ മാത്രം വച്ച് കോപ്പിയടി ആരോപിക്കുന്നത് ശരിയല്ല.” എന്നാണ് ശാന്തി മായാദേവി ഫോർത്തിനോട് പറഞ്ഞത്.

അന്ധയായ ഒരു പെൺകുട്ടി റേപ്പ് ചെയ്യപ്പെടുകയും തുടർന്ന് അവളുടെ കൈകൾ ഉപയോഗിച്ച് കോടതിയിൽ വെച്ച് പ്രതിയെ തിരിച്ചറിയുന്നതും കോടതിയിലെ സംഭവ വികാസങ്ങളുമാണ് സ്കെച്ച് ആർട്ടിസ്റ്റ് 2: ഹാൻഡ്സ് ദാറ്റ് ഐ സീ എന്ന അമേരിക്കൻ ചിത്രത്തിന്റെ പ്രമേയം.