വണ്‍മാന്‍ ഷോയുടെ ക്ലൈമാക്‌സ് ട്വിസ്റ്റിലെ ആ രഹസ്യം? തുറന്നുപറഞ്ഞ് സംവിധായകന്‍

ഒരു ക്വിസ് മത്സരത്തിന്റെ ബാക്ക്‌ഡ്രോപ്പിലാണ് വണ്‍മാന്‍ഷോ എന്ന സിനിമയുടെ കഥ ചുരുളഴിയുന്നത്. മലയാളി പ്രേക്ഷകരെ ചിരിപ്പിച്ച, കണ്ണുനനയിച്ച ആ സിനിമയുടെ ക്ലൈമാക്‌സ് ട്വിസ്റ്റിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ഷാഫി. മനോരമയുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം മനസ്സുതുറന്നത്.

സംവിധായകന്‍ എന്ന നിലയില്‍ എന്റെ ആദ്യ സിനിമയായിരുന്നു വണ്‍മാന്‍ഷോ. റാഫി മെക്കാര്‍ട്ടിന്റെ തിരക്കഥ കിട്ടിയതുകൊണ്ടാണ് എനിക്ക് ആ സിനിമ ചെയ്യാന്‍ പറ്റിയത്. അതിലെ ഹൈലൈറ്റ് ആയിരുന്നു ക്ലൈമാക്‌സിലെ അവസാന ചോദ്യം: ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ചരിത്ര നിര്‍മിതി ഏത്? ആരും എടുത്തടിച്ചു കുത്തബ് മിനാര്‍ എന്നുപറഞ്ഞു പോകും. പക്ഷേ താജ് മഹലാണ് ശരിയായ ഉത്തരം! ആ ചോദ്യം കിട്ടിയത് മനോരമ ഇയര്‍ബുക്കില്‍ നിന്നായിരുന്നു. കണ്ടപ്പോള്‍ തന്നെ കൗതുകം തോന്നിയിരുന്നു. അദ്ദേഹം പറയുന്നു.

കുട്ടിക്കാലത്ത് ഞാന്‍ ഒരു പാട് ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. ചോദ്യോത്തര പരിപാടികള്‍ എനിക്ക് വളരെ ഇഷ്ടമാണ്. വണ്‍മാന്‍ഷോയുടെ തിരക്കഥാവേളയില്‍ റാഫിക്ക എന്റടുത്ത് കുറച്ച് കൗതുകമുള്ള ചോദ്യോത്തരങ്ങള്‍ കലക്ട് ചെയ്യാന്‍ പറഞ്ഞിരുന്നു. അങ്ങനെ ഞാന്‍ തയാറാക്കിയ ചോദ്യങ്ങളില്‍ ഒന്നായിരുന്നു ഇത്. പക്ഷേ അവരത് ക്ലൈമാക്‌സ് ആക്കും എന്നു ഞാന്‍ വിചാരിച്ചിരുന്നില്ല. എന്തായാലും ആ സിനിമയുടെ ക്ലൈമാക്‌സില്‍ ഇതിലും അനുയോജ്യമായൊരു ചോദ്യം കിട്ടാനില്ല. അദ്ദേഹം വ്യക്തമാക്കി.