കത്തനാരുടെ മന്ത്രങ്ങള്‍ ദുഷിച്ച ഭാഷയില്‍ ഉള്ളതായിരുന്നു, ഒരിക്കലും സൗമ്യനല്ല, റഫ് ആന്‍ഡ് ടഫ് ആയ വ്യക്തിയാണ്: തിരക്കഥാകൃത്ത് ആര്‍ രാമാനന്ദ്

ഹോളിവുഡ് സിനിമകളിലെ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ജയസൂര്യയുടെ ‘കത്തനാര്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായി ജംഗിള്‍ ബുക്ക്, ലയണ്‍ കിംഗ് തുടങ്ങിയ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയായ വിര്‍ച്യുല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ചാണ് കത്തനാരിന്റെ ചിത്രീകരണം.

എഴുത്തുകാരനായ ആര്‍ രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സൗമ്യനായ ഒരു കത്തനാരെ അല്ല, വൈല്‍ഡ് ആയ ഒരു കത്തനാര്‍ അച്ചനെയാണ് സിനിമയില്‍ കാണാനാവുക എന്നാണ് രാമാനന്ദ് പറയുന്നത്. ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രാമാനന്ദ് പ്രതികരിച്ചത്. കള്ളിയങ്കാട്ട് നീലി എന്നൊക്കെ പറയുന്ന ഒരു യക്ഷിയെ തളച്ചു എന്ന് പറയുന്ന ഒരു കത്തനാര്‍ അവരെക്കാള്‍ ശക്തനായ ഒരു വ്യക്തിയാണ്.

നീലി പോലും വിറച്ച് പോകുന്ന ഒരു വ്യക്തിയാണ് കത്തനാര്‍. വനത്തില്‍ പോയി മന്ത്രവാദം പഠിച്ച ഒരു വനമാന്ത്രികനായ ഒരു കത്തനാരാണ്. നമ്മള്‍ കാണുന്നത് വന മൂര്‍ത്തികളും വനദേവതകളുമായിട്ടൊക്കെ കമ്മ്യൂണിക്കേഷന്‍ ഉള്ള കത്തനാരെയാണ്. അങ്ങനെ ഒരാള്‍ ഒരിക്കലും സൗമ്യനാവാന്‍ വഴിയില്ല. മാത്രവുമല്ല ജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിട്ടുള്ള ഒരു വ്യക്തിയാണ് കത്തനാര്‍.

കുട്ടിക്കാലത്തെ അനാഥത്വം മുതല്‍ അവസാനം വരെ അങ്ങനെയൊരാള്‍ സൗമ്യനാവില്ല. ഇങ്ങനെ വിലയിരുത്താന്‍ രണ്ട് കാര്യങ്ങളുണ്ട് ഒന്ന് കൊട്ടാരത്തില്‍ ശങ്കുണ്ണി തന്നെ പറയുന്നുണ്ട്, കത്തനാരുടെ മന്ത്രങ്ങള്‍ ദുഷിച്ച ഭാഷയില്‍ ഉള്ളതായിരുന്നുവെന്ന്. അതിനുള്ള കാരണം അദ്ദേഹം അത്രയും റഫ് ആയിട്ടുള്ള വൈല്‍ഡ് ആയിട്ടുള്ള വ്യക്തിയാണ് എന്നതാണ് എന്നും രാമാനന്ദ് പറയുന്നു.