'പതിനെട്ടാംപടി' സിനിമാപണ്ഡിതര്‍ക്ക് വേണ്ടിയുള്ള ചിത്രമല്ല; സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍

ശങ്കര്‍രാമകൃഷ്ണന്‍ ചിത്രം പതിനെട്ടാം പടി തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെ ചിത്രത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍. പതിനെട്ടാംപടി സിനിമാപണ്ഡിതര്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രമല്ലെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സുമായുള്ള അഭിമുഖത്തില്‍ സംവിധായകന്‍ പറഞ്ഞു.

ധാരാളം പാട്ടുകളും ആക്ഷന്‍ സീനുകളുമൊക്കെയുള്ള ഒരു വലിയ സിനിമ എന്റെ മനസ്സിലുണ്ടായിരുന്നു. സിനിമാ പണ്ഡിതന്മാര്‍ക്കായി നിര്‍മ്മിച്ച ഒരു സിനിമയല്ലിത്. എന്റെ ടാര്‍ഗറ്റ് ഓഡിയന്‍സിനെ കുറിച്ച് ഒരു കൃത്യമായ ധാരണ തന്നെ എനിക്കുണ്ടായിരുന്നു. ക്ലീഷേകളില്ലാത്ത ഒരു ഒറിജിനല്‍ വര്‍ക്കാണിത്. തിരക്കഥയെ സൂക്ഷ്മമായി പരിശോധിച്ചാല്‍ അത് വളരെ ചിന്താപൂര്‍വ്വം ചെയ്ത സിനിമയാണെന്ന് മനസ്സിലാകും. അദ്ദേഹം പറഞ്ഞു.

അതേസമയം, ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയ പതിനെട്ടാംപടിക്ക് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണെങ്കിലും മമ്മൂട്ടി, പൃഥ്വിരാജ്, മനോജ് കെ ജയന്‍, ലാലു അലക്സ്, ഉണ്ണി മുകുന്ദന്‍, ആര്യ, പ്രിയ ആനന്ദ്, പ്രിയാമണി, അഹാന കൃഷ്ണ, സാനിയ അയ്യപ്പന്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങനെ വന്‍ താരനിരയും ഈ സിനിമയിലുണ്ട്..

കെച്ചയും സുപ്രീം സുന്ദറുമാണ് ചിത്രത്തിന്റെ ആക്ഷന്‍ ഡയറക്ടേഴ്സ്. ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനു വേണ്ടി കെ.ജി അനില്‍ കുമാറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുദീപ് ഇളമണ്‍ ഛായാഗ്രഹണവും ഭുവന്‍ ശ്രീനിവാസ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു.