വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. ഒരു പീഡന പരാതിയില്‍ അറസ്റ്റിലായതിന് ശേഷം വ്‌ളോഗര്‍ ജുനൈദ് അപകടത്തില്‍ മരിച്ചു എന്ന വാര്‍ത്തയാണ് കണ്ടത്. നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാന്‍ കഴിയില്ല. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നും അറിയില്ല എന്നാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച കുറിപ്പില്‍ സനല്‍ കുമാര്‍ പറയുന്നത്.
സനല്‍ കുമാര്‍ ശശിധരന്റെ കുറിപ്പ്:
വളരെയേറെ ദുരൂഹതയുള്ള ഒന്നാണ് ഈ മരണം. കുറച്ച് നാള്‍ മുമ്പ് ഒരു പീഡന പരാതിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. അതുമായി ബന്ധപ്പെട്ട് അയാള്‍ക്കെതിരെയുണ്ടായ ഒരു ഹേറ്റ് ക്യാംപെയ്ന്‍ ശ്രദ്ധിച്ചപ്പോള്‍ അത് സ്വാഭാവികമായുണ്ടാകാവുന്നതേക്കാള്‍ വലിയ അളവിലുള്ളതാണെന്ന് തോന്നി. അയാള്‍ ആ കേസ് നിഷേധിച്ചുകൊണ്ട് ഒരു വീഡിയോ ചെയ്തിട്ടുള്ളതായി ഒരു യുട്യൂബ് ചാനലില്‍ കണ്ടു. അതില്‍ പക്ഷേ അയാള്‍ പറയുന്നത് കേള്‍പ്പിക്കുകയല്ല ചെയ്തിരിക്കുന്നത് അയാള്‍ പറയുന്നതിനെ ഇടയ്ക്കും മുറയ്ക്കും മുറിച്ച് കളിയാക്കിക്കൊണ്ടുള്ള ഒന്ന്.
അയാളുടെ വ്‌ളോഗ് നോക്കാന്‍ വേണ്ടി കുറേ വാര്‍ത്തകള്‍ തപ്പി. ഒന്നിലും അയാളുടെ മുഴുവന്‍ പേരില്ല. ഏതാണ് അയാളുടെ വ്‌ളോഗ് എന്നില്ല. വ്‌ളോഗര്‍ ജുനൈദ് അപകടത്തില്‍ മരിച്ചു എന്ന് മാത്രം. അയാള്‍ നിരപരാധിയാണോ അല്ലയോ എന്ന് ഇനി തെളിയിക്കാന്‍ അയാള്‍ക്ക് കഴിയില്ല. അയാളെ പുലഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോകളും പോസ്റ്റുകളും കൊണ്ട് പൊതുമണ്ഡലം നിറഞ്ഞു നില്‍ക്കുമ്പോഴാണ് അയാള്‍ മരിച്ചുപോയിരിക്കുന്നത്. മരിച്ചതാണോ കൊന്നുതള്ളിയതാണോ എന്നു പോലും അറിയില്ല. എന്തായാലും അയാള്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാതെ അയാളെ വിധിച്ചവര്‍ക്ക് ഇനി സത്യം എന്തായാലും പ്രശ്‌നമില്ല. അവര്‍ അടുത്ത ഇരയെ തേടും.
അതേസമയം, മലപ്പുറം മഞ്ചേരിയിലുണ്ടായ അപകടത്തിലാണ് ജുനൈദ് മരിച്ചത്. റോഡരികിലെ മണ്‍കൂനയില്‍ തട്ടി ജുനൈദിന്റെ ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. റോഡരികില്‍ രക്തം വാര്‍ന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് തൊഴിലാളികളാണ് ആദ്യം കണ്ടത്. തലയുടെ പിന്‍ഭാഗത്താണ് പരുക്കേറ്റത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.