അവരെ നിഷ്‌കരുണം അവഗണിക്കും, കാലഹരണപ്പെട്ട ജീവിവര്‍ഗ്ഗം; തുറന്നടിച്ച് റിമ കല്ലിങ്കല്‍

സൈബര്‍ സദാചാര വാദികള്‍ക്കെതിരെ നടി റിമ കല്ലിങ്കല്‍. സ്ത്രീകളെ സോ്ഷ്യല്‍മീഡിയയില്‍ അധിക്ഷേപിക്കുന്ന ഇക്കൂട്ടര്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു ജീവി വര്‍ഗ്ഗമാണെന്നും കുറച്ചു കാലത്തിനുള്ളില്‍ തന്നെ അവര്‍ പൂര്‍ണ്ണമായും അവഗണിക്കപ്പെടുമെന്നും നടി വനിതയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

നിഷ്‌കരുണം അവഗണിക്കുന്നു. അവര്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന ജീവിവര്‍ഗമാണ്. കുറച്ചു കാലങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ അവരെ പൂര്‍ണമായും അവഗണിക്കുന്ന കാലം വരും. സൈബര്‍ഗുണ്ടകളോട് ഒന്നേ പറയാനുള്ളു. ഞങ്ങളുടെ കയ്യില്‍ ഭാവിയിലേക്ക് ഒരു ടിക്കറ്റുണ്ട്. വേണമെങ്കില്‍ ടിക്കറ്റെടുത്ത് കൂടെ പോന്നോ. സ്ത്രീകളെ മനസ്സിലാക്കുന്ന, എല്ലാ കാര്യങ്ങളിലും കൂടെ നില്‍ക്കുന്ന ഒരുപാട് ആണുങ്ങള്‍ വേറെയുണ്ട്. റിമ വ്യക്തമാക്കി.

അതേസമയം, തനിക്ക് സിനിമയില്‍ നിന്ന് കഴിവിനൊത്ത അവസരങ്ങള്‍ ലഭിക്കുന്നില്ലെന്നും നടി റിമ കല്ലിങ്കല്‍ പറയുന്നു. അഭിപ്രായങ്ങള്‍ തുറന്നുപറയുന്ന നടിയായതിനാല്‍ ആയതിനാല്‍ തനിക്ക് പല സിനിമകളും നഷ്ടമായി എന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘വൈറസ്’ എന്ന ചിത്രത്തിന് ശേഷം ആഷിക് അബുവിന്റെ നീലവെളിച്ചത്തിലൂടെ അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമിടുകയാണ് താരം. അഭിനയിക്കാന്‍ സമ്മതം പറയുമെങ്കിലും നിര്‍മാതാക്കളുടെ പച്ചക്കൊടി കിട്ടാത്തതാണ് തന്റെ അവസരങ്ങള്‍ പലപ്പോഴും നഷ്ടമായതിനു കാരണമെന്നും നടി കൂട്ടിചേര്‍ത്തു.