വിജയ്‌ക്കൊപ്പം ഡാര്‍ക്ക് റിയല്‍ ആക്ഷന്‍ ത്രില്ലര്‍, സൂര്യക്കൊപ്പം റൊമാന്റിക് ചിത്രം, ഭാവിയില്‍ ഒരു ലോകേഷ് സിനിമയും: പൃഥ്വിരാജ്

നടന്‍ മാത്രമല്ല ഇന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകന്‍ കൂടിയാണ് പൃഥ്വിരാജ്. ‘ലൂസിഫര്‍’, ‘ബ്രോ ഡാഡി’ എന്നീ സിനിമകള്‍ക്ക് ശേഷം പൃഥ്വിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘എമ്പുരാന്‍’ സിനിമയ്ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ‘ആടുജീവിതം’ എന്ന സിനിമയുടെ പ്രമോഷന്‍ തിരക്കുകളിലാണ് പൃഥ്വിരാജ് ഇപ്പോള്‍.

ഇതിനിടെ താന്‍ സംവിധാനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ചില സിനിമകളെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. തമിഴിലെ പ്രമുഖ താരങ്ങളെ നായകന്‍മാരാക്കി ചെയ്യാന്‍ ഉദ്ദേശിക്കുന്ന സിനിമകളെ കുറിച്ചാണ് പൃഥ്വിരാജ് സംസാരിച്ചത്. രജനികാന്തിനെ നായകനാക്കി ഒരു കോമഡി ചിത്രം ചെയ്യാന്‍ ആഗ്രഹമുണ്ട്.

ബ്രോ ഡാഡി തമിഴിലേക്ക് റീമേക്ക് ചെയ്താല്‍ അദ്ദേഹത്തെ നായകനാക്കാന്‍ ആഗ്രഹമുണ്ടെന്നും പൃഥ്വിരാജ് ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇത് കൂടാതെ കമല്‍ ഹാസന്‍, വിജയ്, സൂര്യ എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹത്തെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

കമല്‍ സാറാണ് നായകന്‍ എങ്കില്‍ അതൊരു ഡ്രാമാ ചിത്രമായിരിക്കും. വിജയ് മുഖ്യവേഷത്തില്‍ വരുന്ന ഡാര്‍ക്ക് റിയല്‍ ആക്ഷന്‍ ത്രില്ലര്‍ ചെയ്യാന്‍ താല്‍പര്യമുണ്ട്. അദ്ദേഹം ആക്ഷന്‍ സിനിമകള്‍ നിരവധി ചെയ്തിട്ടുണ്ടെങ്കിലും ആ ലൈനിലൊന്നും പെടാത്ത സിനിമയായിരിക്കും അത്.

ഒരു ലവ് സ്റ്റോറി ചെയ്യണമെങ്കില്‍ അതിഗംഭീര നടന്‍ വേണം. സൂര്യ അത്തരത്തിലൊരാളാണ്. സൂര്യക്കൊപ്പം ഒരു റൊമാന്റിക് സിനിമ ചെയ്യാനാഗ്രഹമുണ്ട്. മണിരത്‌നം ചിത്രങ്ങളില്‍ ‘നായകന്‍’, ‘ദളപതി’ എന്നീ സിനിമകള്‍ വളരെയിഷ്ടമാണ്. സംവിധായകരില്‍ ലോകേഷ് കനകരാജിനൊപ്പം ഭാവിയില്‍ ഒരു ചിത്രം ചെയ്‌തേക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി.