രജനിയാണ് നായകനെങ്കിലും ലോകേഷിന്റെ പടമാണേൽ അതിന്റെ മൂല്യം വർദ്ധിക്കുന്നു; പ്രശംസകളുമായി പൃഥ്വിരാജ്

ചുരുങ്ങിയ സിനിമകൾ കൊണ്ട് തെന്നിന്ത്യൻ സിനിമയിലെ ബ്രാൻഡ് ആയി മാറിയ സംവിധായകനാണ് ലോകേഷ് കനകരാജ്.

കരിയറിൽ ചെയ്തത് വെറും അഞ്ച് സിനിമകൾ. അഞ്ചെണ്ണവും പ്രേക്ഷക- നിരൂപക പ്രശംസകളും സാമ്പത്തിക വിജയവും നേടിയത്. ഗോഡ്ഫാദർമാരില്ലാതെ സിനിമയിലേക്ക് കടന്നുവന്ന് ഇന്ന് ഏതൊരു സൂപ്പർ താരവും ഒരു ലോകേഷ് കനകരാജ് ചിത്രത്തെ പറ്റി ചിലപ്പോൾ ചിന്തിക്കുന്നുണ്ടാവും.

ഇപ്പോഴിതാ ലോകേഷ് കനകരാജിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. നായകൻ ആരാണെങ്കിലും ലോകേഷ് ആണ് സംവിധായകൻ എന്നറിയുമ്പോൾ ആ സിനിമയുടെ മൂല്യം വർദ്ധിക്കുന്നുവെന്നാണ് പൃഥ്വിരാജ് പറയുന്നത്. കൂടാതെ എപ്പോഴും എന്തെങ്കിലും പുതിയത് ചെയ്യാൻ ശ്രമിക്കുന്ന ആളാണ് ലോകേഷ് എന്നും പൃഥ്വിരാജ് പറയുന്നു.

“വളരെ കോൺഫിഡൻഡായ ഒരാളാണ് ലോകേഷ്. അദ്ദേഹം സൂപ്പർ ടാലന്റായ വ്യക്തിയാണ്. ഇപ്പോൾ ലോകേഷ് ഒരു ബ്രാൻഡായി തന്നെ മാറിയിട്ടുണ്ട്. ഒരു സിനിമ വരുമ്പോൾ ആര് നായകനായാലും ലോകേഷ് പടം എന്നത് തന്നെയാണ് അതിന് കിട്ടുന്ന ഏറ്റവും വലിയ ടാഗ് ലൈൻ

ലോകേഷിന്റെ അടുത്ത ചിത്രം രജിനി സാറിൻ്റെ കൂടെയാണ്. രജിനി സാറിനെ നായകനാക്കി ഒരു സിനിമ ചെയ്യുമ്പോൾ അത് രജിനി ചിത്രമാണെങ്കിലും ലോകേഷ് സിനിമ എന്നത് അതിൻ്റെ വാല്യൂ വർധിപ്പിക്കുന്നു. വലിയ സൂപ്പർ സ്റ്റാറുകൾ പോലും ലോകേഷിൻ്റെ സിനിമയിൽ ഭാഗമാകുന്നു എന്ന് പറയുന്നത് തന്നെ വലിയ കാര്യമാണ്.

അത്രയും ബ്രാൻഡ് വാല്യൂ ഉണ്ടായിട്ടും എപ്പോഴും പുതിയത് എന്തെങ്കിലുമൊക്കെ ചെയ്യാൻ ശ്രമിക്കുന്ന ആളാണ് അദ്ദേഹം. സിനിമയിൽ സ്വന്തമായി ഒരു ‌സ്റ്റൈൽ ഉണ്ടാക്കിയെടുക്കാനും ലോകേഷ് ശ്രമിക്കുന്നുണ്ട്.

അദ്ദേഹം ഒരിക്കലും കംഫർട്ടബിളായി ഇരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ഞാൻ ലോകേഷിനോട് എപ്പോൾ സംസാരിക്കുമ്പോഴും പുതുതായി എന്തെങ്കിലും ചെയ്യണം എന്നാണ് അദ്ദേഹം പറയാറുള്ളത്. അടുത്ത പടം ഇതാണ്, അതിൽ ഈ കാര്യമാണ് ചെയ്യാൻ പോകുന്നത് എന്നൊക്കെ പറയാറുണ്ട്.” എന്നാണ് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞത്.

വിജയ് നായകനായെത്തിയ ‘ലിയോ’ ആയിരുന്നു ലോകേഷിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. വലിയ സാമ്പത്തിക വിജയം നേടിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്.

ഇനി വരാനിരിക്കുന്നത് ഇന്ത്യൻ സിനിമയിലെ തന്നെ വമ്പൻ പ്രോജക്ടുകളാണ്. രജനികാന്തിനെ നായകനാക്കി ‘തലൈവർ 171’, വിക്രം 2, കൈതി 2, റോളക്സ് തുടങ്ങീ പ്രേക്ഷകർ ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളാണ് ഇനിയുള്ളതെല്ലാം.