എമ്പുരാനില്‍ ദുല്‍ഖറുണ്ടോ; ആരാധകര്‍ക്ക് ആവേശം ഉണര്‍ത്തുന്ന മറുപടിയുമായി പൃഥ്വിരാജ്

പൃഥ്വി-മോഹന്‍ലാല്‍ ചിത്രം എമ്പുരാനുവേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തെക്കുറിച്ച്  നിരവധി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അത്തരത്തിലൊന്നായിരുന്നു എമ്പുരാനില്‍ ദുല്‍ഖറും ഒരു ഭാഗമാകുമെന്നത്. ഇരുവരും തമ്മിലുള്ള അടുത്ത സൗഹൃദം തന്നെയായിരുന്നു ഇത്തരമൊരു വാര്‍ത്തയ്ക്ക് കാതലായത്.

ഇപ്പോഴിതാ എമ്പുരാനില്‍ ദുല്‍ഖര്‍ ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ് ഇപ്പോള്‍. ജന ഗണ മന എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടുള്ള പരിപാടിയിലായിരുന്നു ദുല്‍ഖറിനെ കുറിച്ച് പൃഥ്വി സംസാരിച്ചത്. എമ്പുരാനില്‍ ദുല്‍ഖറും ഉണ്ടാകുമെന്ന് വാര്‍ത്തകള്‍ വരുന്നുണ്ടല്ലോ അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന ചോദ്യത്തിന് അത് എമ്പുരാന്‍ ഇറങ്ങുമ്പോള്‍ കാണാമല്ലോ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

‘ദുല്‍ഖറും ഞാനുമായി സിനിമാ സംബന്ധമായി ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. ഞങ്ങള്‍ കണ്ടിട്ടുള്ളതും ഒരുമിച്ച് സമയം ചിലവഴിച്ചിട്ടുള്ളതും ഒന്നും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ല. സിനിമാ സംബന്ധമായ ഒരു മീറ്റിങ് ഉണ്ടാവുമ്പോഴേ അതിനെ കുറിച്ച് ചിന്തിക്കാന്‍ പറ്റുള്ളൂ. ”’

ഇപ്പോള്‍ ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്. ഞങ്ങള്‍ രണ്ട് പേരും സിനിമാ നടന്മാരാണ് നിര്‍മാതാക്കളാണ് എന്നുള്ളതിനപ്പുറത്തേക്ക് ഞങ്ങളുടെ സൗഹൃദം സിനിമയ്ക്ക് പുറത്താണ്. ദുല്‍ഖറാണെങ്കിലും അമലാണെങ്കിലും മറിയമാണെങ്കിലുമൊക്കെ. ‘ പൃഥ്വിരാജ് പറഞ്ഞു.