'പ്രേക്ഷകരെ ഭരിക്കാന്‍ ചെന്നാല്‍ അവര്‍ കടുത്ത തീരുമാനങ്ങളെടുക്കും' - വിമര്‍ശനവുമായി പ്രതാപ് പോത്തന്‍ വീണ്ടും

സിനിമയും അഭിനേതാക്കളും സംബന്ധിച്ച ചര്‍ച്ചയില്‍ “പ്രേക്ഷകര്‍ക്കൊപ്പം” എന്ന വാദം ഉന്നയിച്ചും അഭിനേതാക്കളുടെ വാദഗതികളെ വിമര്‍ശിച്ചും സംവിധായകനും നടനുമായ പ്രതാപ് പോത്തന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതാപ് പോത്തന്റെ പ്രതികരണം.

അദ്ദേഹം എഴുതിയത് ഇങ്ങനെ.

തെരുവില്‍ സര്ക്കസ് കളിക്കുന്നവരും , സിനിമയില്‍ അഭിനയിക്കുന്നവരും തമ്മില്‍ വളരെ വിത്യാസം ഉണ്ട്. തെരുവില്‍ കളിക്കുന്നവര്‍ക് കാണുന്നവര്‍ ഇഷ്ടമുണ്ടെങ്കില്‍ , ഇഷ്ടമുള്ള പൈസ കൊടുത്താല്‍ മതി. പക്ഷേ ഒരു സിനിമ കാണാന്‍ ചെല്ലുമ്പോള്‍, പടം ഇഷ്ടം ആയാലും ഇല്ലെങ്കിലും അവര്‍ പറഞ്ഞു വെച്ചിരിക്കുന്ന ക്യാഷ് കൊടുക്കണം.

ഞാന്‍ ഉള്‍പ്പടെ ഉള്ള സിനിമ പ്രവര്‍ത്തകര്‍ ജീവിച്ചു പോകുന്നത് സാധാരണക്കാര്‍ ആയ മനുഷ്യരുടെ വിയര്‍പ്പിന്റെ വിലയില്‍ നിന്ന് മാറ്റി വെക്കുന്ന ഒരു അംശം കൊണ്ടാണ്.ഞങ്ങള്‍ ഉള്‍പ്പടെ ഉള്ള പലരും അത് മറന്നു പോകുമ്പോള്‍ ആണ് പല പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. പ്രേക്ഷകര്‍ ഇല്ലെങ്കില്‍ സിനിമ ഉണ്ടാവില്ല, പ്രേക്ഷകരെ ഭരിക്കാന്‍ ചെന്നാല്‍ , അവര്‍ പല കടുത്ത തീരുമാനങ്ങളും എടുക്കും. ഒരു അഭിനേതാവിന്റെ ചുമതല പ്രേക്ഷകരെ സന്തോഷിപ്പിക്കുക എന്നതാണ്. ഞങ്ങളെ പോലെ പലരും വളര്‍ന്നു വന്നത് പ്രേക്ഷകരുടെ നല്ല മനസ്സ് കൊണ്ട് മാത്രമാണ്. അത് മറക്കുന്നവരെ പ്രേക്ഷകര്‍ ഓര്‍മ്മിപ്പിക്കാന്‍ വേണ്ടി തിരഞ്ഞെടുക്കുന്ന വഴി ചിലപ്പോള്‍ ഭീകരവും ആയിരിക്കും.

(അക്ഷരതെറ്റുകള്‍ തിരുത്തിയിട്ടില്ല)

https://www.facebook.com/pratap.pothen/posts/10156892654290278