സൂപ്പര്‍ താരങ്ങളുടെ പുറകെ നടക്കുന്നത് എനിക്കിഷ്ടമല്ല, അവര്‍ എന്റെ പുറകെ നടക്കട്ടെ: ഒമര്‍ ലുലു

തന്റെ സിനിമകളില്‍ പുതുമുഖങ്ങളെ കൂടുതല്‍ ഉള്‍പ്പെടുത്താനുള്ള കാരണം പറഞ്ഞ് സംവിധായകന്‍ ഒമര്‍ലുലു. എന്റെ സിനിമയില്‍ കൂടുതലായും പുതുമുഖങ്ങളെ ഉള്‍പ്പെടുത്താന്‍ ഒരു കാരണമുണ്ട്. നമ്മള്‍ വലിയ താരങ്ങളുടെ അടുത്ത് ഡേറ്റ് ചോദിച്ച് പോയാല്‍ അവരെ നമ്മള്‍ ഒരുപാട് കണ്‍വിന്‍സ് ചെയ്യണം. അവരുടെ പുറകെ നടക്കണം.’

‘എനിക്ക് ഇങ്ങനെ പുറകെ നടക്കുന്നതൊന്നും ഇഷ്ടമല്ല. അവര്‍ എന്റെ പുറകെ നടക്കട്ടെ. അത് മാത്രമല്ല അല്ലാതെ തന്നെ ചെയ്യാന്‍ നിര്‍മാതാക്കളെ എനിക്ക് കിട്ടാറുണ്ട്.

കാണുമ്പോള്‍ കൊള്ളാമെന്ന് തോന്നിയാല്‍ വിളിച്ച് കുറച്ച് അഭിനയിപ്പിച്ച് നോക്കും എന്നിട്ട് കൊള്ളാമെന്ന് തോന്നിയാല്‍ സെലക്ട് ചെയ്യും. അങ്ങനെയാണ് പുതുമുഖങ്ങളെ പടത്തിലേക്ക് കൊണ്ടുവരുന്നത്. അങ്ങനെ കുറെ ശത്രുക്കളുണ്ടായിട്ടുണ്ട്.’ അദ്ദേഹം പറയുന്നു.

ഒമര്‍ ലുലുവിന്റെ ഏറ്റവും പുതിയ റിലീസിന് തയ്യാറെടുക്കുന്ന സിനിമ നല്ല സമയമാണ്. നടന്‍ ഇര്‍ഷാദാണ് ഈ സിനിമയിലെ നായകന്‍. സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിന് നടി ഷക്കീലയെ കൊണ്ടുവന്നതും എന്നാല്‍ പരിപാടി നടത്താന്‍ ഷോപ്പിങ് മാള്‍ അധികൃതര്‍ സമ്മതിക്കാതിരുന്നതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.