'ലേലം 2 ഉപേക്ഷിച്ചിട്ടില്ല'; ചിത്രം വൈകുന്നതിനുള്ള കാരണം വെളിപ്പെടുത്തി നിഥിന്‍ രഞ്ജി പണിക്കര്‍

സുരേഷ് ഗോപിയെ നായകനാക്കി നിഥിന്‍ രഞ്ജി പണിക്കര്‍ ഒരുക്കുന്ന ചിത്രമാണ് കാവല്‍. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററും ഇന്ന് റിലീസ് ചെയ്തു. എന്നാല്‍ ഇതേ തുടര്‍ന്ന് കാവലിന് മുമ്പ് പ്രഖ്യാപിച്ച ലേലം 2 ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തയില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നിഥിന്‍. ലേലം 2 ഉപേക്ഷിച്ചിട്ടില്ലെന്നാണ് നിഥിന്‍ പറയുന്നത്.

“കാവല്‍ ആദ്യം ഇറങ്ങുന്നു എന്നേയുള്ളൂ. ലേലം 2 ഉപേക്ഷിച്ചിട്ടില്ല. അടുത്തവര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. 2022 ഓടെ ചിത്രം പുറത്തിറക്കും. ചിത്രം ഉപേക്ഷിച്ചെന്ന വാര്‍ത്തകള്‍ തെറ്റാണ്. ലേലം 2വിന് അധികം പ്രീപ്രൊഡക്ഷന്‍ ജോലികളുണ്ട്. അതിനാലാണ് വൈകുന്നത്.” മനോരമയുമായുള്ള അഭിമുഖത്തില്‍ നിഥിന്‍ പറഞ്ഞു.

നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാവല്‍. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് നിഥിന്‍ രഞ്ജിപണിക്കര്‍ പറഞ്ഞു. ഗുഡ് വില്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍. സംഗീതം രഞ്ജിന്‍ രാജ്.