'അടൂര്‍ ഗോപാലകൃഷ്ണന് അപകടം സംഭവിച്ചത് എന്റെ സിനിമാജീവിതത്തെ തന്നെ മാറ്റിമറിച്ചു; വെളിപ്പെടുത്തലുമായി നടന്‍ നന്ദു

മലയാള സിനിമയിലെ പ്രതിഭാധനരായ നടന്മാരില്‍ ഒരാളാണ് നന്ദുലാല്‍ കൃഷ്ണമൂര്‍ത്തി. തുടക്കത്തില്‍ വളരെ ചെറിയ വേഷങ്ങള്‍ മാത്രമാണ് നന്ദുവിന് ലഭിച്ചിരുന്നത്. മിക്കതും കോമഡി കഥാപാത്രങ്ങളായിരുന്നു. അവയില്‍ നിന്നെല്ലാം മാറ്റം വന്നത് അടൂര്‍ ഗോപാലകൃഷ്ണന്റെ നാല് പെണ്ണുങ്ങള്‍ സിനിമയില്‍ അഭിനയിച്ച ശേഷമാണ്.

അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ലഭിച്ചതിന് പിന്നില്‍ മറക്കാനാവാത്ത സംഭവുമുണ്ടെന്ന് പറയുകയാണ് ഇപ്പോള്‍ നന്ദു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് സിനിമാ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ച് നന്ദു മനസ് തുറന്നത്.

‘ഞാനൊരിക്കല്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ വഴിയരികില്‍ കാര്‍ അപകടത്തില്‍പ്പെട്ട് അടൂര്‍ ഗോപാലകൃഷ്ണന്‍ സര്‍ നില്‍ക്കുന്നത് കണ്ടു. ഞാന്‍ അന്ന് സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത് നടക്കുന്ന കാലമാണ്. അദ്ദേഹത്തിന് എന്നെ അറിയില്ല. ഞാന്‍ ഓടി ചെന്ന് കാര്യങ്ങല്‍ തിരക്കി വേണ്ടത് ചെയ്ത് കൊടുത്തു. പോകാനായപ്പോള്‍ ഞാന്‍ എന്റെ പേര് അദ്ദേഹത്തോട് പറഞ്ഞു. എന്നിട്ട് സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാറുണ്ടെന്നും പറഞ്ഞു.’

‘ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ട അദ്ദേഹം കൈപ്പുസ്തകത്തില്‍ എന്റെ പേര് കുറിച്ച് വെച്ചു. പിറ്റേ ദിവസം അലിയാര്‍ സര്‍ എന്ന വിളിച്ച് കോളടിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ഉടനെ പോയി അടൂര്‍ സാറിനെ കാണണമെന്ന് പറഞ്ഞു. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എന്തെങ്കിലും ചെറിയ വേഷമായിരിക്കും എന്നാണ് കരുതിയത്. നാല് പെണ്ണുങ്ങള്‍ എന്ന സിനിമയായിരുന്നു അത്. നാരായണന്‍ എന്ന കഥാുപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത്. ഗീതു മോഹന്‍ദാസിന്റെ ഭര്‍ത്താവായിരുന്നു. അതുവരെ ഞാന്‍ സീരിയസ് റോളുകളൊന്നും ചെയ്തിരുന്നില്ല. സാറിന്റെ സിനിമയിലെ എന്റെ കഥാപാത്രം വലിയ പ്രാധാന്യമുള്ളതായിരുന്നു. ആ സിനിമ മുതലാണ് എന്റെ സിനിമാ ജീവിതം മാറിയത്.