ബ്ലെസിയെ ഞാൻ ആദ്യമായി കാണുന്നത് പത്മരാജൻ്റെ 'നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ' സെറ്റിലാണ്; ഒരു സാധാരണക്കാരന് ചെയ്യാൻ സാധിക്കാത്ത കാര്യമാണ് അദ്ദേഹം ചെയ്യുന്നത്; ആടുജീവിതത്തെ പ്രശംസിച്ച് മോഹൻലാൽ

പത്മരാജന്റെ സഹ സംവിധായകനായാണ് ബ്ലെസ്സി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് സ്വതന്ത്ര സംവിധായകനായി വെറും 7 സിനിമകൾ കൊണ്ട് മലയാളത്തിൽ തന്റെ പ്രതിഭ അടയാളപ്പെടുത്താനും ബ്ലെസ്സിക്ക് സാധിച്ചു.

പത്മരാജന്റെ ‘ഓർമ്മ’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് 2005- ൽ മോഹൻലാൽ ചിത്രം ‘തന്മാത്ര’ എന്ന തന്റെ രണ്ടാം സിനിമ ബ്ലെസ്സി സംവിധാനം ചെയ്യുന്നത്. ഏറെ പ്രേക്ഷക -നിരൂപക പ്രശംസകൾ നേടിയ ചിത്രം ഇന്നും മലയാളത്തിലെ മികച്ച ചിത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുന്നതാണ്.

എട്ടാമത്തെ സിനിമയായ ‘ആടുജീവിതം’ ബ്ലെസ്സിയുടെ സിനിമ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ചിത്രം കൂടിയാണ്. 10 വർഷത്തോളമെടുത്തു ആടുജീവിതത്തിന്റെ ചിത്രീകരണം പൂർത്തിയാവാൻ.

ഇപ്പോഴിതാ ആടുജീവിതത്തെ കുറിച്ച് മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഈ സിനിമയുടെ ഓരോ ഘട്ടത്തിലും സിനിമയുടെ ഓരോരുത്തരും എടുത്ത കഷ്‌ടപ്പാട്
തനിക്ക് മനസിലാക്കാൻ പറ്റിയിട്ടുണ്ട് എന്നാണ് മോഹൻലാൽ പറയുന്നത്. ആടുജീവിതത്തിന്റെ ടാഗ് ലൈനായ ‘എവരി ബ്രെത്ത് ഈസ് എ ബാറ്റിൽ’, ഓരോ ശ്വാസവും ഒരു യുദ്ധമാണ് എന്നത് സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും ചേരുന്ന ഒന്നാണെന്നും മോഹൻലാൽ പറയുന്നു.

“ബ്ലെസിയെ ഞാൻ ആദ്യമായി കാണുന്നത് പത്മരാജൻ്റെ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ എന്ന സിനിമയിലാണ്. അതിൽ അസിസ്റ്റന്റ് ഡയറക്ട‌റായിരുന്നു ബ്ലെസി. അന്ന് തുടങ്ങിയ സൗഹൃദം ഇന്നും നല്ല രീതിയിൽ തന്നെ തുടരുകയാണ്. എൻ്റെ കരിയറിലെ മികച്ച സിനിമകളിൽ മൂന്നെണ്ണം ബ്ലെസിയാണ് സംവിധാനം ചെയ്‌തത്‌.

തന്മാത്ര, പ്രണയം, ഭ്രമരം. ഇതുകൂടാതെ ബ്ലെസിക്ക് ലഭിച്ച ഗിന്നസ് റെക്കോഡിലും ഭാഗമാകാൻ എനിക്ക് സാധിച്ചു. ക്രിസ്റ്റോസ്റ്റം തിരുമേനിയുടെ 100-ാം ജന്മദിനവുമായി ബന്ധപ്പെട്ട് 48 മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെൻ്ററി സംവിധാനം ചെയ്‌തയാളാണ് ബ്ലെസി.

ഒരു സാധാരണക്കാരന് ഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യമാണ് അത്. ഈ സിനിമയുടെ ഓരോ ഘട്ടത്തിലും സിനിമയുടെ ഓരോരുത്തരും എടുത്ത കഷ്‌ടപ്പാട് എനിക്ക് മനസിലാക്കാൻ പറ്റിയിട്ടുണ്ട്.

ആടുജീവിതത്തിന്റെ ടാഗ് ലൈനായ ‘എവരി ബ്രെത്ത് ഈസ് എ ബാറ്റിൽ’, ഓരോ ശ്വാസവും ഒരു യുദ്ധമാണ് എന്നത് സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവർക്കും ചേരുന്ന ഒന്നാണ്.കാരണം ഓരോരുത്തരും അത്രത്തോളം കഷ്‌ടപ്പെട്ടിട്ടുണ്ട്. കൊറോണയുടെ സമയത്ത് ഇവർ ജോർദാനിൽ കുടുങ്ങിയ സമയത്ത് ക്രൂവിലെ അംഗങ്ങളെ വിളിച്ച് അവരെ ഓക്കെയാക്കാൻ ഞാൻ ശ്രദ്ധിച്ചു. മറ്റെല്ലാവരെയും പോലെ ഞാനും ഈ സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു.” എന്നാണ് ആടുജീവിതം ഓഡിയോ ലോഞ്ചിനിടെ മോഹൻലാൽ പറഞ്ഞത്.

യഥാർത്ഥ സംഭവ വികാസങ്ങളെ  അടിസ്ഥാനമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതമെന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. മാർച്ച് 28 നാണ് ചിത്രത്തിന്റെ വേൾഡ് വൈഡ് റിലീസ്.

ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ശരീരഭാരം കുറച്ച് മെലിഞ്ഞത് വലിയ വാർത്തയായിരുന്നു. യഥാർത്ഥ നജീബിന്റെ ശരീരപ്രകൃതിയിലേക്കെത്താൻ പൃഥ്വിരാജ് ചെയ്ത ഹാർഡ്വർക്കിനെ പ്രശംസിച്ചും നിരവധി പേർ രംഗത്തുവന്നിരുന്നു.19 കിലോയാണ് ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് കുറച്ചത്.

പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമയാവും ആടുജീവിതം എന്നാണ് പ്രേക്ഷകരും നിരൂപകരും കണക്കുകൂട്ടുന്നത്. മലയാളത്തിലെ മറ്റൊരു മികച്ച സർവൈവൽ- ത്രില്ലർ ചിത്രമായിരിക്കും ആടുജീവിതമെന്നും പ്രേക്ഷകർ കണക്കുകൂട്ടുന്നു.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.