ക്ലൈമാക്‌സ് സെന്റിമെന്റല്‍ ആകാതിരുന്നത് ഇഷ്ടപ്പെട്ടു, പൃഥ്വിയുടെ കഠിനപ്രയത്‌നം.. വളരെ ഭീതി ഉണ്ടാക്കുന്നു: മണിരത്‌നം

ഗംഭീര പ്രതികരണങ്ങളാണ് ‘ആടുജീവിതം’ സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. 16 വര്‍ഷത്തെ ബ്ലെസിയുടെ പ്രയത്‌നവും പൃഥ്വിരാജിന്റെ ഡെഡിക്കേഷനും വെറുതെയായില്ല എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. രാജ്യത്തിന്റെ പലകോണുകളില്‍ നിന്നും പ്രമുഖര്‍ അടക്കം പൃഥ്വിരാജിനും ബ്ലെസിക്കും ആശംസകളുമായി എത്തുന്നുണ്ട്.

സംവിധായകന്‍ മണിരത്‌നം ചിത്രത്തെ പ്രശംസിച്ചു കൊണ്ട് വാട്‌സ്ആപ്പില്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ബ്ലെസി ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. സിനിമ അവസാനിപ്പിച്ച രീതി അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടെന്നും പൃഥ്വിരാജിന്റെ പരിശ്രമത്തെയും പ്രശംസിച്ചു കൊണ്ടാണ് മണിരത്‌നത്തിന്റെ സന്ദേശം.

”അഭിനന്ദനങ്ങള്‍ സാര്‍. ചിത്രത്തിന് വേണ്ടി നിങ്ങള്‍ എടുത്ത എല്ലാ പരിശ്രമവും സ്‌ക്രീനില്‍ കാണാം. മനോഹരമായി ചിത്രീകരിച്ചു. മരുഭൂമിയുടെ വിവിധ മുഖങ്ങള്‍. കഠിനവും ശാന്തവും അനന്തവും വിശാലവും ക്രൂരതയുമെല്ലാം സിനിമയില്‍ കാണാം. നിങ്ങളുടെയും സുനിലിന്റേയും മികച്ച പ്രവര്‍ത്തനം.”

”പൃഥ്വിയുടെ കഠിന പ്രയത്നം. ഇത് യഥാര്‍ത്ഥത്തില്‍ സംഭവിച്ച കഥയാണെന്നത് വളരെ ഭീതി ഉണ്ടാകുന്നതാണ്. വളരെ സെന്റിമെന്റല്‍ ആകാതെ സിനിമ അവസാനിപ്പിച്ച രീതി എനിക്ക് വളരെ ഇഷ്ട്ടപെട്ടു. എല്ലാ ആശംസകളും നേരുന്നു” എന്നാണ് മണിരത്നം സന്ദേശത്തില്‍ പറയുന്നത്.

അതേസമയം, ആദ്യ ഷോ മുതല്‍ തന്നെ ഗംഭീര പ്രതികരണങ്ങളാണ് ആടുജീവിതം നേടിക്കൊണ്ടിരിക്കുന്നത്. ചിത്രം ആഗോളതലത്തില്‍ 15 കോടിയാണ് ഓപ്പണിംഗ് കളക്ഷന്‍ നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നു മാത്രം 7.75 കോടി രൂപയാണ് സിനിമ നേടിയത്.

Read more