അത് കണ്ട് പഠിച്ച് കൂടേ എന്ന ചോദ്യം മമ്മൂട്ടിയുടെ നോട്ടത്തില്‍ നിന്നുതന്നെ മനസിലാക്കാം: ഇന്ദ്രന്‍സ്

മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളായ മോഹന്‍ലാലില്‍നിന്നും മമ്മൂട്ടിയില്‍നിന്നും ലഭിച്ച ഉപദേശമെന്തെന്ന് വെളിപ്പെടുത്തി നടന്‍ ഇന്ദ്രന്‍സ്. രണ്ട് പേരില്‍ നിന്നും പഠിക്കാനുണ്ടെന്നും എന്നാല്‍ മമ്മൂക്കയില്‍ നിന്നും പറയാതെ പല കാര്യങ്ങളും കിട്ടുമെന്നും മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.

മമ്മൂക്കയില്‍ നിന്നും പറയാതെ പല കാര്യങ്ങളും കിട്ടും. ഡയലോഗ് പഠിക്കണമെന്നും ശ്രദ്ധിക്കണമെന്നും പറയാതെ പറയും. ശരീരം നോക്കുന്നതില്‍ ശ്രദ്ധ വേണമെന്ന് ഉപദേശിക്കുന്നത് പുള്ളിയുടെ നോട്ടത്തില്‍ നിന്ന് മനസിലാവും.

ആള്‍ ശരീരം നോക്കുന്നുണ്ട്. അത് കണ്ട് പഠിച്ച് കൂടേ എന്ന ചോദ്യം ആ നോട്ടത്തില്‍ കാണാം. മോഹന്‍ലാല്‍ എപ്പോഴും ഉത്സാഹത്തിന്റെ വിത്തൊക്കെ വിതറി പോകും. രണ്ട് പേരില്‍ നിന്നും പഠിക്കാനുണ്ട്. കല്‍പ്പന, മഞ്ജു പിള്ള എന്നിവര്‍ മികച്ച നടിമാരാണ്- ഇന്ദ്രന്‍സ് പറഞ്ഞു

ജലധാര പമ്പ് സെറ്റാണ് ഇന്ദ്രന്‍സിന്റെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ഇന്ദ്രന്‍സും ഉര്‍വശിയും പ്രധാന വേഷങ്ങള്‍ ചെയ്ത ചിത്രമായിരുന്നു ഇത്. റാണിയാണ് നടന്റെ റിലീസിനൊരുങ്ങുന്ന സിനിമ. ഇന്ദ്രന്‍സ്, ഭാവന, ഗുരു സോമസുന്ദരം, ഹണി റോസ് തുടങ്ങിയവര്‍ പ്രധാന വേഷം ചെയ്യുന്ന ചിത്രം സംവിധാനം ചെയ്തത് ശങ്കര്‍ രാമകൃഷ്ണനാണ്.