വില്ലനോ നായകനോ? ഭ്രമയുഗത്തില്‍ കട്ടവില്ലനിസം കാണാനാവുമോ? മറുപടിയുമായി മമ്മൂട്ടി

നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് ‘ഭ്രമയുഗം’ ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ മമ്മൂക്കയുടെ കട്ട വില്ലനിസം കാണാന്‍ പറ്റുമോ എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍. ഭ്രമയുഗത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റിലാണ് മമ്മൂട്ടി സംസാരിച്ചത്.

”പറഞ്ഞതൊന്നും മനസിലായില്ലേ, 2-3 ദിവസം കുടിയല്ലേ റിലീസിന് ഉള്ളു. വില്ലന്‍ എന്ന വാക്കുകള്‍ പോലും ഇല്ലാതിരുന്ന കാലത്താണ് സിനിമ ഉണ്ടാകുന്നത്. ഷേക്‌സ്പീരിയന്‍ നാടകങ്ങളില്‍ ഒക്കെ ഉണ്ടാകും. പക്ഷെ അങ്ങനെയല്ല, നമ്മള്‍ സാധാരണ കാണുന്ന ദുഷ്ട കഥാപാത്രങ്ങളെ വില്ലന്‍ എന്ന് വിളിക്കുന്ന കാലം ഉണ്ടായിരുന്നോ എന്ന് എനിക്ക് അറിയില്ല.”

”സിനിമയില്‍ ആ കഥാപാത്രത്തിന് ഒരു മിസ്റ്ററി ഉണ്ട്, ഒരു ഭയങ്കരമായ മിസ്റ്ററി. പക്ഷെ അത് ഞാന്‍ ഇപ്പോള്‍ പറഞ്ഞാലും, സിനിമ കണ്ട് നിങ്ങള്‍ ആരോടെങ്കിലും പറഞ്ഞാലും അത് പിന്നീട് കണാന്‍ പോകുന്ന ആളുകള്‍ക്ക് ത്രില്ല് നഷ്ടമാകും. വില്ലന്‍, നായകന്‍ അങ്ങനെയൊന്നുമില്ല, കഥാപാത്രങ്ങള്‍ മാത്രമേ ഈ സിനിമയില്‍ ഉള്ളു.”

”അവര്‍ക്ക് എല്ലാത്തരം വികാരങ്ങളും ഉണ്ടാകാം. പിന്നെ ഇത് ധര്‍മ്മം, അധര്‍മ്മം ഒക്കെയുള്ള സിനിമയാണെന്ന് പറയാന്‍ പറ്റില്ല. പക്ഷെ നിങ്ങള്‍ക്ക് കണ്ടെത്താം. ഒരു കലാസൃഷ്ടിക്ക് എപ്പോഴും പ്രേക്ഷകനിലാണ് അതിന്റെ ആസ്വാദനം കൂടുതലുണ്ടാവുക.”

Read more

”സംവിധായകനോ കഥാകൃത്തിനോ അല്ലെങ്കില്‍ നടന്‍മാര്‍ക്കോ ഉള്ളതിനാല്‍ കൂടുതല്‍ രസം അനുഭവിക്കുന്നത് പ്രേക്ഷകരാണ്. അതുകൊണ്ട് കളയാതെ ചോരാതെ പോവുക എന്നാണ് ചെയ്തിട്ടുള്ളത്. അത് നമ്മള്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. പിന്നെ രസിക്കുക എന്നുള്ളത് പ്രേക്ഷകന്റെ കടമയാണ്. അവരുടെ തീരുമാനമാണ്” എന്നാണ് മമ്മൂട്ടി പറയുന്നത്.