സ്വാസികയോട് വിയോജിപ്പ്, നിര്‍ഭയ വാതില്‍ തുറന്നു കൊടുത്തിട്ടല്ലല്ലോ ആക്രമിക്കപ്പെട്ടത്: മാളവിക മോഹനന്‍

സ്ത്രീകള്‍ എപ്പോള്‍ വേണമെങ്കിലും ആക്രമണത്തിന് ഇരയാകാമെന്ന് മാളവിക മോഹനന്‍. ‘നമ്മള്‍ വാതില്‍ തുറന്നാല്‍ മാത്രമേ ഒരാള്‍ നമ്മളെ ആക്രമിക്കാന്‍ വരൂ’ എന്ന സ്വാസികയുടെ അഭിപ്രായത്തിന് എതിരെയാണ് മാളവിക രംഗത്തെത്തിയത്. അടുത്തിടെ സ്വാസിക അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു.

സ്വാസികയുടെ അഭിപ്രായത്തെ കുറിച്ചുള്ള ചോദ്യത്തോടാണ് മാളവിക പ്രതികരിച്ചത്. ഡല്‍ഹിയിലെ നിര്‍ഭയ സംഭവം ചൂണ്ടിക്കാട്ടിയാണ് മാളവിക മറുപടി പറഞ്ഞത്. നിര്‍ഭയ സംഭവത്തില്‍ പെണ്‍കുട്ടി വാതില്‍ തുറന്നുകൊടുത്തിട്ടല്ലല്ലോ എന്നാണ് നടി പറയുന്നത്.

നമ്മള്‍ വാതില്‍ തുറന്നുകൊടുക്കാതെ ആരും നമ്മളെ ആക്രമിക്കാന്‍ വരില്ല എന്നു പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഡല്‍ഹിയിലെ നിര്‍ഭയ സംഭവം നടക്കുന്നത് ആ പെണ്‍കുട്ടി ബസില്‍ യാത്ര ചെയ്യുമ്പോഴാണ്. അവര്‍ വാതില്‍ തുറന്നു കൊടുത്തതല്ലല്ലോ.

ഇത്തരം പ്രസ്താവനകള്‍ നിരുത്തരവാദപരമാണ്. ഡല്‍ഹിയിലൂടെയൊക്കെ യാത്ര ചെയ്യുമ്പോള്‍ സുരക്ഷയില്ലെന്ന് തനിക്കും തോന്നിയിട്ടുണ്ട്. എത്ര ശക്തയായിരുന്നാലും ആര്‍ക്കും എന്തുവേണമെങ്കിലും ചെയ്യാമല്ലോ. അങ്ങനെയൊരു നിമിഷത്തില്‍ നമുക്ക് എന്ത് ചെയ്യാന്‍ പറ്റും.

Read more

അഞ്ചുപേരൊക്കെ ആക്രമിക്കാന്‍ വന്നാല്‍ എന്ത് ചെയ്യാന്‍ സാധിക്കും എന്നാണ് മാളവിക മിര്‍ച്ചി മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്. അതേസമയം, മലയാളത്തില്‍ ‘ക്രിസ്റ്റി’ ആണ് മാളവികയുടെതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.