പാട്ടു പാടുമെന്ന് വെച്ച് യേശുദാസിന് വിവരം ഉണ്ടാവണമെന്നില്ല, എന്നെ തെറി പറയാൻ ധൈര്യമുള്ള ആരും കേരളത്തിലില്ല: മൈത്രേയൻ

തന്റെ നിലപാടുകൾ കൊണ്ട് എപ്പോഴും വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് മൈത്രേയൻ. സാമൂഹിക- രഷ്ട്രീയ വിഷയങ്ങളിൽ സ്വന്തമായി നിലപാടുകളും വിയോജിപ്പുകളും എപ്പോഴും മൈത്രേയൻ സൂജശിക്കുന്നുണ്ട്.

ഇപ്പോഴിതാ ഒരു ഇന്റർവ്യൂവിൽ വെച്ച് ഇസ്രയേൽ- പലസ്തീൻ യുദ്ധത്തെ പറ്റി പല സെലിബ്രിറ്റികളും പ്രതികരിക്കാത്തതിനെക്കുറിച്ചുള്ള അവതാരികയുടെ ചോദ്യത്തിന് മൈത്രേയൻ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായികൊണ്ടിരിക്കുന്നത്.

സെലിബ്രിറ്റകളെ ആളുകൾ ഫോളോ ചെയ്യുന്നുണ്ടെന്നതുകൊണ്ട് അവർക്ക് വിവരം ഉണ്ടാവണമെന്നില്ലെന്നും, ഇത്തരത്തിൽ സെലിബ്രിറ്റകളുടെ വിഷമം വരുന്ന തരത്തിലുള്ള നിരവധി സ്റ്റേറ്റ്മെന്റുകൾ ഉണ്ടെന്നും മൈത്രേയൻ അഭിമുഖത്തിൽ പറയുന്നു.

“അവർ പ്രതികരിക്കുന്നോ ഇല്ലയോ എന്നതൊന്നും എന്റെ വിഷയമല്ല. സെലിബ്രിറ്റകളായിരിക്കുന്നവർ പ്രതികരിക്കേണ്ട ആവശ്യം എന്താണ്? സിനിമാ താരങ്ങളാണല്ലോ ഏറ്റവും വലിയ സെലിബ്രിറ്റികൾ. അവർക്കെന്ത് വിവരമാണ് ഉള്ളത്. ചായക്കടയിൽ പോയിട്ട് വസ്ത്രം ചോദിക്കുന്നതുപോലെയാണത്. അറിയപ്പെടുന്നെന്ന് മാത്രമേ ഉള്ളൂ. അവരെ ആളുകൾ ഫോളോ ചെയ്യുന്നുണ്ടെന്നതുകൊണ്ട് അവർക്ക് വിവരം വരത്തില്ല.

ഒരു സിനിമയിൽ അഭിനയിച്ചാൽ പ്രസിദ്ധരാകും. അതുകൊണ്ട് അവർക്കെന്തെങ്കിലും അറിവ് കൂടുതൽ വരുമോ, രാഷ്ട്രീയമായ ധാരണയുണ്ടോകുമോ. യേശുദാസ് പാട്ട് പാടും. അതുകാരണം അയാൾക്ക് പ്രത്യേകിച്ച് വിവരം വരുമോ. എന്തറിവുണ്ടാകും. അയാളുടെ എത്രയോ സ്‌റ്റേറ്റ്‌മെന്റ് ഉണ്ട്. കേൾക്കുമ്പോൾ നമുക്ക് വിഷമം വരത്തില്ലേ?

എന്റെ നിലപാടുകൾ കൊണ്ട് ഇതുവരെയും പാർട്ടിക്കാർ ആരും വിളിച്ച് ചീത്തപറയുകയോ മറ്റോ ചെയ്തിട്ടില്ല. അതിന് ധൈര്യമുള്ള ആരും കേരളത്തിൽ ഉണ്ടെന്ന് ഞാൻ വിചാരിക്കുന്നില്ല. ഇതുവരെ ഫോണെടുത്ത് വിളിച്ച് എന്നോട് സംസാരിക്കാൻ ധൈര്യമുള്ള അധികം മലയാളികളെ ഞാൻ കണ്ടിട്ടില്ല.

ചിലർ എന്നെ വിളിച്ച് നിങ്ങളുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന് പറയും. അത്രയാണ് ഉണ്ടായിട്ടുള്ളത്. ഒരിക്കൽ ഒരു സ്ത്രീ എന്നെ വിളിച്ച് നിങ്ങൾ എന്തൊക്കെയാണ് കാണിക്കുന്നതെന്ന് ചോദിച്ചിട്ടുണ്ട്. അപ്പോഴും മോശമായിട്ടൊന്നും പറഞ്ഞിട്ടില്ല. പിറകിൽ നിന്നൊരാൾ സംസാരിക്കുന്നത് കേൾക്കാമായിരുന്നു. ചീത്ത പറയടീന്ന്. അപ്പോൾ ഞാൻ പറഞ്ഞു പറ ചീത്ത പറഞ്ഞാലൊന്നും ഞാൻ നിർത്തത്തില്ലെന്ന്.” കൌമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് മൈത്രേയൻ ഇങ്ങനെ പറഞ്ഞത്.