പൃഥ്വിരാജ് വിളിച്ച് ഒന്നാം തിയതി തന്നെ റിലീസ് ഉണ്ടാകുമോ എന്ന് ചോദിച്ചു, പൊലീസും വഴിയില്‍ വണ്ടി തടഞ്ഞ് ചോദിച്ചു: ലിസ്റ്റിന്‍ സ്റ്റീഫന്‍

വഴിയില്‍ വണ്ടി തടഞ്ഞ് പൊലീസുകാര്‍ തന്നോട് ‘ഗോള്‍ഡ്’ സിനിമയുടെ റിലീസിനെ കുറിച്ച് ചോദിച്ചിട്ടുണ്ടെന്ന് നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ഗോള്‍ഡിന്റെ റിലീസ് തിയതി മാറ്റി കൊണ്ടിരിക്കുന്നത് കൊണ്ടാണ് പൃഥ്വിരാജ് ഇപ്പോള്‍ ഒന്നും മിണ്ടാത്തത് എന്നാണ് ലിസ്റ്റിന്‍ പറയുന്നത്. ‘കടുവ’ സിനിമയുടെ സക്‌സസ് പാര്‍ട്ടിയിലാണ് നിര്‍മ്മാതാവ് സംസാരിച്ചത്.

ലിസ്റ്റിന്‍ സ്റ്റീഫന്റെ വാക്കുകള്‍:

ഒരു ചിത്രത്തിന്റെ സക്സസ് സെലിബ്രേഷന്‍ കഴിഞ്ഞ് പോകുമ്പോള്‍ എന്നെ പൊലീസ് പിടിച്ചു. വണ്ടിയുടെ ബുക്കും പേപ്പറും ചോദിച്ചു. ആ സമയത്ത് ഡ്രൈവര്‍ കൂടെയില്ലാത്തതു കൊണ്ട് വണ്ടിയുടെ ബുക്കും പേപ്പറും നോക്കിയിട്ട് കണ്ടില്ല. അങ്ങനെയാണെങ്കില്‍ സ്റ്റേഷനിലേക്ക് പോരാന്‍ പറഞ്ഞു. എന്റെ വീട് ഇവിടെ തൊട്ടടുത്താണെന്ന് ഞാന്‍ പറഞ്ഞു. ‘പറ്റില്ല നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടെന്നു സംശയമുണ്ട്’ എന്ന് അദ്ദേഹം പറഞ്ഞു.

മദ്യപിച്ചിട്ടില്ലെന്നും ബുക്കും പേപ്പറും കയ്യില്‍ ഇല്ലെന്നും വെറുതെ വിടണമെന്നും ഞാന്‍ പറഞ്ഞു. പേര് എന്താണെന്ന് ചോദിച്ച പൊലീസുകാരനോട് ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്ന് പറഞ്ഞപ്പോള്‍, ‘നിങ്ങള്‍ പൃഥ്വിരാജിന്റെ പാര്‍ട്ണര്‍ ആയ പ്രൊഡ്യൂസര്‍ അല്ലേ, ഗോള്‍ഡ് എന്നാണ് റിലീസ് ചെയ്യുന്നത്’ എന്ന് ചോദിച്ചു. നിങ്ങള്‍ എന്നെ ഇവിടെ നിന്നു റിലീസ് ചെയ്തിട്ട് വേണം ഗോള്‍ഡ് റിലീസ് ചെയ്യാനെന്നു ഞാനും പറഞ്ഞു.

Read more

ഞങ്ങള്‍ ഒരുപാടു പ്രാവശ്യം ഗോള്‍ഡിന്റെ റിലീസിന്റെ ഡേറ്റ് മാറ്റി മാറ്റി ഇട്ടു. ബുദ്ധിമാനായ പൃഥ്വിരാജ് മാത്രം ഡേറ്റ് പോസ്റ്റ് ചെയ്തില്ല. ആ ക്രെഡിറ്റും പൃഥ്വിരാജിനാണ്. ഇന്ന് രാവിലെ പൃഥ്വിരാജ് വിളിച്ചിട്ട് ഒന്നാം തിയതി തന്നെ റിലീസ് ഉണ്ടാകുമോ എന്നു ചോദിച്ചു. എന്താണെന്ന് ചോദിച്ചപ്പോള്‍ ‘എനിക്ക് പോസ്റ്റിടാന്‍ സമയമായി’ എന്നാണ് പറഞ്ഞത്.