തളര്‍ന്നിരിക്കുമ്പോള്‍ എന്നെ പിടിച്ചെഴുന്നേല്‍പ്പിക്കുന്ന ആള്‍: ആശംസകള്‍ നേര്‍ന്ന് കാവ്യ മാധവന്‍

ഏറെ നാളുകള്‍ക്കു ശേഷം ക്യാമറയുടെ മുമ്പിലെത്തി നടി കാവ്യ മാധവന്‍. നൃത്തത്തില്‍ തന്റെ ഗുരുവായ ആനന്ദന്‍ മാസ്റ്റര്‍ ആരംഭിക്കുന്ന പുതിയ സംരംഭത്തിന് ആശംസകള്‍ നല്‍കാനാണ് കാവ്യ മാധവന്‍ എത്തിയത്.
”ലോകത്തിലെ ആദ്യത്തെ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സ് ബാന്‍ഡ് ആനന്ദവൈഭവം. അതെന്റെ ഗുരുനാഥനിലൂടെ സാധ്യമാകുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഏകദേശം ഇരുപതോളം വര്‍ഷമായി ഞാന്‍ ആനന്ദ് മാഷിന്റെ വിദ്യാര്‍ഥിയായിട്ട്.

എറണാകുളത്തേക്ക് താമസം മാറി, നൃത്തം പഠിക്കണം എന്ന ആഗ്രഹം വന്നപ്പോള്‍ ഒരു ഗുരുനാഥനെ കണ്ടെത്തേണ്ട ആവശ്യം വന്നു. അങ്ങനെയാണ് ആനന്ദ്മാഷിലേക്കെത്തുന്നത്. അവിടെ നിന്നാണ് കലയോടുള്ള എന്റെ സമീപനം മാറുന്നത് തന്നെ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, വിദ്യാര്‍ഥികളെ അത്രയും മനസിലാക്കിയാണ് അടവുകള്‍ പഠിപ്പിച്ചിരുന്നത്. അഭിനയത്തിനും സ്വരങ്ങള്‍ക്കും പ്രാധാന്യം കൊടുത്തുള്ള നൃത്തരൂപങ്ങളാണ് അദ്ദേഹം എനിക്കായി ഒരുക്കിയിരുന്നത്.

കേരളത്തില്‍ ഒരുപാട് നൃത്ത വേദികളില്‍ നൃത്തം അവതരിപ്പിക്കാന്‍ എനിക്ക് കഴിഞ്ഞു. അതിന്റെ ഫുള്‍ ക്രെഡിറ്റും മാഷിനുള്ളതാണ്. ഞാന്‍ അത്ര കോണ്‍ഫിഡന്‍സും ധൈര്യവുമുള്ള ആളൊന്നുമല്ല. എന്നിട്ടും നൃത്തം മനോഹരമായ രീതിയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞത് അദ്ദേഹം കാരണമാണ്. എനിക്ക് പേടി ആയിരുന്നപ്പോഴൊക്കെ മാഷ് തന്ന ഒരു ധൈര്യം അത് എടുത്തു പറയേണ്ടതാണ്.

എന്റെ പിതാവിന്റെയും മാതാവിന്റെയും സ്ഥാനത്തു നില്‍ക്കുന്ന ആളാണ്. പലപല രൂപങ്ങളില്‍ മാഷിനെ നിര്‍വചിക്കാന്‍ കഴിയും. നമ്മള്‍ തളര്‍ന്നിരിക്കുമ്പോള്‍ പിടിച്ചെഴുന്നേല്‍പ്പിക്കുന്ന ആളാണ് അദ്ദേഹം. മാഷിന്റെ കുടുംബം എന്റെ സ്വന്തം കുടുംബം പോലെയാണ്. അദ്ദേഹത്തിന്റെ പുതിയ സംരഭത്തിന് എന്റെ എല്ലാവിധ ആശംസകളും. കാവ്യ പറഞ്ഞു.