'രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ'..; ആടുജീവിതത്തെ പ്രശംസിച്ച് ജയസൂര്യ

‘ആടുജീവിതം’ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ അഭിനയജീവിതത്തിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമാണ് ആടുജീവിതവും നജീബും. ബ്ലെസ്സിയുടെയും പൃഥ്വിരാജിന്റെയും പതിനാറ് വർഷത്തെ പ്രയത്നങ്ങൾക്കുള്ള ഫലം കൂടിയാണ് ചിത്രത്തിന് ആദ്യ ദിനം തന്നെ തിയേറ്ററുകളിൽ നിന്നും ലഭിക്കുന്ന പോസറ്റീവ് റെസ്പോൺസ്.

ആദ്യ ദിനം വേൾഡ് വൈഡ് കളക്ഷനായി ആടുജീവിതം 15 കോടി രൂപ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എല്ലായിടത്തു നിന്നും മികച്ച പ്രശംസകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ നടൻ ജയസൂര്യ പൃഥ്വിരാജിനെയും ആടുജീവിതത്തെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ‘രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ’ എന്നാണ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയസൂര്യ പറയുന്നത്.

“വിധിയുടെയും പടച്ചോൻ്റെയും നടുവിലൂടെയുള്ള നജീബിൻ്റെ യാത്ര ആടുജീവിതം.
രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ… നജീബിൻറെ ലോകത്തേക്ക് കൂട്ടികൊണ്ടുപോയ Blessy chetta നിങ്ങൾക്കും, നിങ്ങളോടൊപ്പം കൂടെ കൂടിയ നജീബിൻ്റെ ഹൃദയ താളമറിഞ്ഞ എല്ലാവർക്കും എൻ്റെ കൂപ്പുകൈ” എന്നാണ് ജയസൂര്യ കുറിച്ചത്.

മലയാളത്തിൽ 2 ലക്ഷത്തോളം കോപ്പികൾ വിറ്റഴിഞ്ഞ നോവൽ കൂടിയാണ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി ബെന്യാമിൻ എഴുതിയ ആടുജീവിതം. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തിൽ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിൻ ആടുജീവിതമെഴുതിയത്.

വിഷ്വൽ റൊമാൻസിന്റെ ബാനറിലാണ് ചിത്രമൊരുക്കിയത്. എ.ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന് വേണ്ടി റസൂൽ പൂക്കുട്ടിയാണ് ശബ്ദ മിശ്രണം ചെയ്യുന്നത്. കെ.എസ്. സുനിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്.

ജിമ്മി ജീൻ ലൂയിസ്, അമല പോൾ, കെ ആർ ഗോകുൽ, താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ആടുജീവിതമെത്തുന്നത്.

2018 മാര്‍ച്ചില്‍ കേരളത്തിലായിരുന്നു ആടുജീവിതത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് ജോര്‍ദാന്‍, അള്‍ജീരിയ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. ഇതിനിടയില്‍ കോവിഡ് കാലത്ത് സംഘം ജോര്‍ദാനില്‍ കുടങ്ങുകയും ചെയ്തിരുന്നു. 2022 ജൂലൈയിലായിരുന്നു ഷൂട്ടിംഗ് അവസാനിച്ചത്.