ആ രണ്ട് സിനിമകളും ഞാനിതുവരെ മുഴുവൻ കണ്ടിട്ടില്ല: ജയറാം

മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് ജയറാം. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ എബ്രഹാം ഓസ്‍ലർ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് ജയറാം. മെഡിക്കൽ- ത്രില്ലർ ഴോണറിലാണ് ചിത്രമെത്തുന്നത്.

എന്നാൽ ഇപ്പോഴിതാ രണ്ട് സിനിമകൾ തനിക്ക് ഇതുവരെ മുഴുവനായും കാണാൻ സാധിച്ചിട്ടില്ലെന്ന് പറയുകയാണ് ജയറാം. ജയറാം, കാളിദാസ് ജയറാം, ജ്യോതിർമയി എന്നിവർ അഭിനയിച്ച് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘എന്റെ വീട് അപ്പൂന്റെയും’, ‘ആകാശദൂത്’ എന്നീ സിനിമകളാണ് ജയറാമിന് ഇതുവരെ മുഴുവനാക്കാൻ സാധിക്കാത്ത സിനിമകൾ. ഈ രണ്ട് സിനിമകളും വൈകാരികപരമായി അത്രയ്ക്കും വേട്ടയാടപ്പെടുന്നതുകൊണ്ടാണ് തനിക്ക് കാണാൻ സാധിക്കാത്തത് എന്നാണ് ജയറാം പറയുന്നത്.

“ഞാനിതുവരെ എന്റെ വീട് അപ്പൂന്റെയും എന്ന സിനിമ മുഴുവൻ കണ്ടിട്ടില്ല. സിബിയുടെ അടുത്ത് ചോദിച്ചു നോക്കൂ, ഞാൻ അത് കണ്ടിട്ടില്ല. സെക്കൻഡ് ഹാഫിൽ ഒരു ഹോണ്ടിങ് മ്യൂസിക് ഉണ്ട് അപ്പോൾ ഞാൻ തിയേറ്ററിൽ നിന്ന് എണീറ്റ് പോകും. അന്ന് പ്രൊജക്ഷൻ നടന്ന സമയത്ത് വരെ ഞാൻ പുറത്തു പോയിട്ട് ഇരിക്കും.

പ്രത്യേകിച്ച് കണ്ണനും കൂടെ അഭിനയിക്കുമ്പോൾ നല്ല വിഷമം തോന്നും, കാര്യം നമുക്കറിയാം സിനിമയാണ്, ക്യാമറയുടെ മുമ്പിൽ ആണ് അഭിനയിക്കുന്നത് എല്ലാം അറിയാം. എങ്കിൽ പോലും വിഷമം തോന്നും. അഭിനയിക്കുമ്പോൾ കുഴപ്പമില്ലായിരുന്നു അഭിനയിച്ചു കഴിഞ്ഞത് വേറെ സ്ഥലത്ത് അത് കാണുമ്പോൾ ഭയങ്കര വിഷമം ആണ്.

എന്നെ കഴിഞ്ഞിട്ട് വിളിച്ചാൽ മതിയെന്ന് പറയും. എനിക്കത് പറ്റില്ല. ഇപ്പോഴും ആകാശദൂത് എന്ന സിനിമ ഞാൻ മുഴുവൻ കണ്ടിട്ടില്ല. പകുതി അല്ലെങ്കിൽ മുക്കാൽ ആകുമ്പോഴേക്കും ഞാൻ എണീറ്റ് പോകും. എനിക്ക് അത്ര സങ്കടം താങ്ങാൻ പറ്റില്ല.” എന്നാണ് ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ ജയറാം പറഞ്ഞത്.

ഒരിടവേളയ്ക്ക് ശേഷം ഓസ്‍ലറിലൂടെ ജയറാം നായകനായെത്തുമ്പോൾ, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാന സിനിമയായി അബ്രഹാം ഓസ്‍ലര്‍ മാറുമെന്നും പ്രേക്ഷകർ കണക്കുകൂട്ടുന്നുണ്ട്. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് എബ്രഹാം ഓസ്‍ലര്‍.

അർജുൻ അശോകൻ, സൈജു കുറുപ്പ് , ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വര രാജൻ, ദർശന നായർ, സെന്തിൽ കൃഷ്ണ, അർജുൻ നന്ദകുമാർ, അസിം ജമാൽ, ആര്യ സലിം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഡോ. രൺധീർ കൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.

ഇര്‍ഷാദ് എം ഹസനും മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം നിർവഹിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകൻ തേനി ഈശ്വര്‍ ആണ്. മിഥുന്‍ മുകുന്ദനാണ് സംഗീത സംവിധാനം.