സിനിമയിലെ വയലന്‍സ് സ്വാധീനിക്കുന്നുണ്ടെങ്കില്‍, നന്മ കണ്ടാലും ഇന്‍ഫ്‌ളുവന്‍സ്ഡ് ആകണ്ടേ: ജഗദീഷ്

സിനിമയിലെ വയലന്‍സ് പ്രേക്ഷകരെ സ്വാധീനിക്കുന്നുണ്ടെങ്കില്‍, അതിലെ നന്മയും സ്വാധീനിക്കേണ്ടെ എന്ന് നടന്‍ ജഗദീഷ്. ‘മാര്‍ക്കോ’ സിനിമയില്‍ താന്‍ അവതരിപ്പിച്ച കഥാപാത്രം അക്രമത്തിന് കൂട്ടുനില്‍ക്കുന്ന വ്യക്തിയാണ്. എന്നാല്‍ ജഗദീഷ് എന്ന വ്യക്തി ഒരിക്കലും അക്രമത്തിനൊപ്പം നില്‍ക്കുന്നയാളല്ല. പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് കഥാപാത്രത്തെയാണോ അതോ ജഗദീഷിനെയാണോ എന്നാണ് നടന്‍ ചോദിക്കുന്നത്.

സിനിമയില്‍ നല്ല കാര്യങ്ങള്‍ എന്തെല്ലാം വരുന്നു. ലഗേ രഹോ മുന്ന ഭായ് എന്ന സിനിമ ഗാന്ധിയിസം സ്വീകരിക്കാനാണ് ആവശ്യപ്പെട്ടത്. അതില്‍ എത്ര പേര്‍ സ്വീകരിക്കുന്നു? അപ്പോള്‍ തിന്മ കണ്ടാല്‍ മാത്രം ഇന്‍ഫ്‌ളുവന്‍സ്ഡ് ആകും, നന്മ കണ്ടാല്‍ ഇന്‍ഫ്‌ളുവന്‍സ്ഡ് ആകില്ല എന്ന് പറയാന്‍ കഴിയുമോ?

പിന്നെ നടന്റെ കാര്യം, ഞാന്‍ അല്ല എന്റെ കഥാപാത്രമാണ് വയലന്‍സിന് കൂട്ട് നില്‍ക്കുന്നത്. ടോണി ഐസക് ആക്രമണത്തിന് കൂട്ട് നില്‍ക്കുന്നു. അപ്പോള്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്നത് ടോണി ഐസക്കിനെ ആണോ അതോ ജഗദീഷിനെയാണോ? ജഗദീഷിനെയാണ് ഇഷ്ടപെടുന്നതെങ്കില്‍ ജഗദീഷ് ഇതുവരെ വയലന്‍സിന് വേണ്ടി സംസാരിച്ചിട്ടില്ല.

ഒരു സ്‌കൂളില്‍ പോയാലോ കോളേജില്‍ പോയാലോ സ്നേഹത്തിന്റെ സന്ദേശമാണ് ഞാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ ശ്രമിക്കുന്നത്. അപ്പോള്‍ ജഗദീഷ് കൊടുക്കുന്ന സന്ദേശം തിരസ്‌കരിച്ചിട്ട് ടോണി ഐസക് കൊടുക്കുന്ന സന്ദേശം സ്വീകരിക്കുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും ഒരു തര്‍ക്ക വിഷയം തന്നെയാണ് എന്നാണ് ജഗദീഷ് പറയുന്നത്. ‘പരിവാര്‍’ എന്ന പുതിയ ചിത്രത്തിന്റെ പ്രസ് മീറ്റിലാണ് ജഗദീഷ് സംസാരിച്ചത്.

Read more