നിലപാട് കൊണ്ടല്ല, എന്തെങ്കിലും കിട്ടുമെന്ന് കരുതിയാണ് അവര്‍ ബി.ജെ.പിയിലേക്ക് പോകുന്നത്: ഇന്ദ്രന്‍സ്

22-ാമത് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ ഔട്ട്സ്റ്റാന്‍ഡിംഗ് ആര്‍ട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാര നേട്ടത്തിലൂടെ മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ് ഇന്ദ്രന്‍സും സംവിധായകന്‍ ഡോ.ബിജുവും. ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായെത്തിയ ബിജുവിന്റെ വെയില്‍ മരങ്ങള്‍ എന്ന ചിത്രമാണ് ഷാങ്ഹായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പുരസ്‌കാരത്തിന് അര്‍ഹമായത്. പുരസ്‌കാരപ്രൗഢിയിലും ഇന്ദ്രന്‍സ് സിമ്പിളാണ്. ഒപ്പം വ്യക്തമായ രാഷ്ട്രീയം സൂക്ഷിക്കുന്നയാളും. താനിപ്പോഴും ഇടതുപക്ഷ ആഭിമുഖ്യമുള്ള ആളാണെന്നാണ് ഇന്ദ്രന്‍സ് പറയുന്നത്.

“ഒരാള്‍ ഉപദ്രവിച്ചാലോ അവകാശം നിഷേധിച്ചാലോ ആ പക്ഷത്ത് നില്‍ക്കുന്നതാണ് കമ്മ്യൂണിസമെങ്കില്‍ അതിലാണ് എന്റെ വിശ്വാസം. ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയം പാര്‍ട്ടിക്ക് വരേണ്ടിയൊരു സാഹചര്യമേ ആയിരുന്നില്ല. കാലം മാറുന്നതിനനുസരിച്ച് ആഗ്രഹിക്കുന്നവര്‍ക്ക് ദൈവത്തിന്റെയടുത്ത് പോകാം. പോകണമെന്നുള്ളവരെ തടയേണ്ടതുമില്ല. ഇത്രയും മാറ്റവും പുരോഗതിയും പറയുമ്പോള്‍, സുപ്രീം കോടതി പോലൊരു കോടതിയുടെ ഉത്തരവ് വരുമ്പോള്‍ അത് നടപ്പാക്കേണ്ട ബാധ്യസ്ഥതയല്ലേ ഞാന്‍ പ്രതീക്ഷിക്കുന്നൊരു പാര്‍ട്ടി ചെയ്തുള്ളൂ.” 24 ന്യൂസുമായുള്ള അഭിമുഖത്തില്‍ ഇന്ദ്രന്‍സ് പറഞ്ഞു.

മറ്റ് പാര്‍ട്ടികളില്‍ നിന്ന്  ബി.ജെ.പിയിലേക്ക് ഒഴുക്ക് നടക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അത് നിലപാടിന്റെ പുറത്തല്ലെന്നും എന്തെങ്കിലും കിട്ടുമെന്നു കരുതിയാവുമെന്നുംമാണ് ഇന്ദ്രന്‍സ് അഭിപ്രായപ്പെട്ടത്. “അതൊരു നിലപാടുള്ളതുകൊണ്ടൊന്നുമാകില്ല. എന്തെങ്കിലും കിട്ടുമെന്നു കരുതിയാകും. അല്ലാതെ പ്രത്യയശാസ്ത്രം കൊണ്ടൊന്നുമല്ല. അതൊക്കെ പിന്നീട് മാറിക്കോളും. ഒഴുക്കിനൊത്ത് നില്‍ക്കുക എന്ന മിടുക്ക് പറയില്ലേ അതുപോലെയൊക്കെ തന്നെ ആവുകയുള്ളൂ. പാര്‍ട്ടിയിലെ അപചയം കണ്ട് പോകുന്നവരില്ല. അവര്‍ മനസ് മടുത്ത് പോകത്തില്ല, നിശബ്ദരാവുകയേയുള്ളൂ. പോവുന്നത് നിലപാട് ഇല്ലാത്തതുകൊണ്ടാണ്. അങ്ങനെ നിശബ്ദരായവര്‍ ഉള്ളതുകൊണ്ടുമാകാം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടായതും.” ഇന്ദ്രന്‍സ് പറഞ്ഞു.