ഇടവേള ബാബു മാപ്പ് പറയണം, ദിലീപ് രാജിവെച്ച പോലെ വിജയ് ബാബുവും രാജിവെയ്ക്കണം: ഗണേഷ് കുമാര്‍

താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബുവിനെതിരേ നടനും എം.എല്‍.എയുമായ ഗണേഷ് കുമാര്‍. അമ്മയെ ക്ലബിനോട് താരതമ്യം ചെയ്ത ഇടവേള ബാബു മാപ്പ് പറയണമെന്നും ദിലീപ് രാജിവെച്ചപോലെ വിജയ് ബാബു രാജിവയ്ക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

‘അതിജീവിത പറയുന്ന കാര്യം അമ്മ ശ്രദ്ധിക്കണം. അതിജീവിത പറഞ്ഞ വിഷയത്തില്‍ അമ്മ മറുപടി നല്‍കണം. ആരോപണ വിധേയന്‍ ഗള്‍ഫിലേക്ക് പോയപ്പോള്‍ ഇടവേള ബാബു ഒപ്പമുണ്ടായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.’

‘ആരോപണ വിധേയന്‍ നിരവധി ക്ലബുകളില്‍ അംഗമാണെന്ന് അമ്മ പറയുന്നത് ആര്‍ക്ക് വേണ്ടി. ക്ലബ് ആണെന്ന് ഇടവേള ബാബു പറഞ്ഞപ്പോള്‍ പ്രസിഡന്റിന് തിരുത്താമായിരുന്നു. അമ്മ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ക്ലബ് അല്ല. ഇടവേള ബാബു മാപ്പ് പറയണം. അതല്ല അമ്മ ഒരു ക്ലബ് ആണെന്ന് പ്രഖ്യാപിച്ചാല്‍ ആ നിമിഷം ഞാന്‍ അമ്മയില്‍ നിന്ന് രാജിവയ്ക്കും’ ഗണേഷ് കുമാര്‍ പറഞ്ഞു.

ഇന്നലെ ചേര്‍ന്ന ‘അമ്മ’ ജനറല്‍ ബോഡി യോഗത്തിലാണ് അമ്മ’ ഒരു ക്ലബ്ബാണെന്ന് ഇടവേള ബാബു പറഞ്ഞത്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അംഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു.