വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ എം.എൽ.എ ഓഫിസിൽ എത്തിയതിൽ സന്തോഷം പ്രകടിപ്പിച്ച് നടി സീമ ജി നായർ. ഏറെ സന്തോഷം തോന്നിയ ദിവസമെന്ന് സീമ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും പറ്റുന്ന നാട്ടിൽ പറയണമെന്ന് തോന്നിയ കാര്യം താൻ പറഞ്ഞുവെന്നും സീമ ജി നായർ പറയുന്നു.
പോസ്റ്റിന്റെ പൂർണരൂപം
‘കേട്ട തെറികൾക്കു കുറവില്ല …കേട്ടാൽ അറക്കുന്ന പലതും കേട്ടു ..എന്നെ സ്നേഹിക്കുന്നവരോട് ഞാൻ കമന്റ് നോക്കരുതെന്നു പറഞ്ഞു.സ്വതന്ത്രമായി ചിന്തിക്കാനും, ജീവിക്കാനും പറ്റുന്ന ഈ നാട്ടിൽ ..എനിക്ക് പറയണം എന്ന് തോന്നിയ കാര്യം ഞാൻ പറഞ്ഞു ..എനിക്കങ്ങനെ ആകാനേ കഴിയു 😘😘😘ഇന്ന് ഏറെ സന്തോഷം തോന്നിയ ദിവസം 🙏🙏🙏 Rahul Mamkootathil’
അതേസമയം നേരത്തെ ആരോപണങ്ങൾക്ക് പിന്നാലെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് നടി സീമ ജി നായർ രംഗത്തെത്തിയിരുന്നു. ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ രാഹുൽ നിരപരാധിയാണെന്ന് നടി ഫെയ്‌സ്ബുക്കിൽ കുറിച്ചു. സസ്‌പെൻഡ് ചെയ്യപ്പെട്ട രാഹുൽ നിയമസഭയിൽ എത്തിയതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം.
‘വരുമോ, വരില്ല, വരില്ലേ, വരാതിരിക്കില്ല, വരുമായിരിക്കും, വന്നു… ഇനി വരുന്നിടത്തു വെച്ചു കാണാം അല്ലേ? രാഹുലിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം തെളിയുന്നതുവരെ നിങ്ങൾ നിരപരാധി ആണ്. ഇപ്പോൾ നിലവിൽ ഒരു പാർട്ടിയിലും അംഗമല്ലാത്തതുകൊണ്ട്, പ്രാഥമിക അംഗത്വം പോലും ഇല്ലാത്തതുകൊണ്ട്, ആരെയും ധിക്കരിച്ചു എന്ന് പറയാനാകില്ല. സ്വതന്ത്രൻ ആയതുകൊണ്ട്, സ്വന്തമായി തീരുമാനമെടുക്കാം’- എന്നാണ് സീമ ഫെയ്‌സ്ബുക്കിൽ കുറിച്ചത്.







