ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം സിനിമയിലും മാറ്റം വന്നു, എന്നാല്‍ ഞാനൊരു സവര്‍ണ ഫ്യൂഡല്‍ തമ്പുരാന്‍ സിനിമകളും ചെയ്തിട്ടില്ല: കമല്‍

രാഷ്ട്രീയ ശരി നോക്കിയാണ് താന്‍ എല്ലായ്‌പ്പോഴും സിനിമ ചെയ്തിട്ടുള്ളതെന്ന് സംവിധായകന്‍ കമല്‍. ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം സമൂഹത്തില്‍ ഉണ്ടായ മാറ്റം സിനിമകളെയും ബാധിച്ചു. എന്നാല്‍ താന്‍ ഒരിക്കലും സവര്‍ണ ഫ്യൂഡല്‍ സിനിമ ചെയ്തിട്ടില്ല എന്നാണ് കമല്‍ പറയുന്നത്.

മാതൃഭൂമിയോടാണ് കമല്‍ പ്രതികരിച്ചത്. ”പരമാവധി സിനിമകള്‍ കാണും. ചലച്ചിത്രമേളകളിലും സ്ഥിരമായി പങ്കെടുക്കും. സമൂഹത്തില്‍ ഓരോ മാറ്റങ്ങളെയും ഗൗരവത്തോടെ നിരീക്ഷിക്കാനും അതില്‍നിന്ന് നല്ലതിനെ സ്വീകരിക്കാനും ശ്രമിക്കും. എല്ലാകാലത്തും പൊളിറ്റിക്കലായ ബോധം നിലനിര്‍ത്താറുണ്ട്.”

”പുരോഗമനപരമായ ആശയങ്ങളെ ഉള്‍ക്കൊള്ളുന്ന മനസ്സാണ് എപ്പോഴും. രാഷ്ട്രീയ ശരി നോക്കിയാണ് എല്ലാ കാലത്തും സിനിമ ചെയ്തിട്ടുള്ളത്. ഞാനൊരു സവര്‍ണ ഫ്യൂഡല്‍ തമ്പുരാന്‍ സിനിമകളും ചെയ്തിട്ടില്ല. 1992ലെ ബാബറി ധ്വംസനത്തിന് ശേഷം സമൂഹത്തിലും സാംസ്‌കാരിക ഇടങ്ങളിലും പലതരത്തിലുള്ള മാറ്റങ്ങളുമുണ്ടായത് അറിയാമല്ലോ.”

”അത് സിനിമയെയും ബാധിച്ചിട്ടുണ്ടാവും. അതിന്റെ ഭാഗമായിട്ടായിരിക്കാം മഹത്വവത്കരിക്കപ്പെടുന്ന നായക കഥാപാത്രങ്ങളും ബിംബങ്ങളും മലയാള സിനിമകളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. അതൊക്കെ വലിയ പ്രദര്‍ശന വിജയങ്ങളും നേടി. എങ്കിലും ഞാന്‍ അതിന്റെ പിറകെപ്പോയിട്ടില്ല.”

”എന്റെ നായകന്മാരെ ആരെയും സൂപ്പര്‍നായകന്മാരാക്കാനും ശ്രമിച്ചിട്ടില്ല. അത്തരം രാഷ്ട്രീയത്തോട് ഒരുകാലത്തും യോജിപ്പില്ല. വരിക്കാശ്ശേരി മന അടിസ്ഥാനമാക്കി സിനിമ ചെയ്തിട്ട് പോലും എന്റെ പ്രധാന കഥാപാത്രം കൃഷ്ണന്‍ എന്ന ജോലിക്കാരനായിരുന്നു” എന്നാണ് കമല്‍ പറയുന്നത്.

അതേസമയം, 2019ല്‍ പുറത്തിറങ്ങിയ ‘പ്രണയമീനുകളുടെ കടല്‍’ എന്ന ചിത്രത്തിന് ശേഷം അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമാണ് വീണ്ടുമൊരു കമല്‍ സിനിമ തിയേറ്ററിലെത്താന്‍ പോകുന്നത്. ജനുവരി 19ന് ആണ് ഷൈന്‍ ടോം ചാക്കോയെ നായകനാക്കി ഒരുക്കിയ ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നത്.