അതെ ഞാന്‍ പ്രണയത്തിലാണ്: തുറന്നു പറഞ്ഞ് ഷെയിന്‍ നിഗം

താരപുത്രനായി മലയാള സിനിമയിലേക്ക് എത്തിയ ഷെയിന്‍ നിഗം ഇന്ന് യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള താരമാണ്. നായകനായി അഭിനയിച്ച എല്ലാ സിനിമകളും പ്രേക്ഷകര്‍ക്ക് പ്രിയങ്കരമാക്കിയാണ് ഷെയിനിന്റെ പ്രയാണം. അച്ഛന്‍ അബിയ്ക്ക് നേടാന്‍ കഴിയാടെ പോയത് മകന്‍ സ്വന്തമാക്കുന്നത് കണ്ട് സിനിമാ പ്രേമികളും സന്തോഷത്തിലാണ്. ഇപ്പോഴിതാ താന്‍ പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ഷെയിന്‍.

എങ്ങനെയാണ് ഇത്ര എളുപ്പത്തില്‍ അനായാസം പ്രണയ രംഗങ്ങളില്‍ അഭിനയിക്കാന്‍ സാധിക്കുന്നത് എന്ന് ചോദ്യത്തിനു നല്‍കിയ മറുപടിയിലാണ് ഷെയിന്‍ ഇക്കാര്യം പറഞ്ഞത്. “ഒരാളുടെ ഹൃദയത്തില്‍ പ്രണയമോ പ്രണയത്തോടുള്ള അഭിനിവേശമോ ഉണ്ടെങ്കില്‍ മാത്രമേ അയാള്‍ക്ക് ആ കഥാപാത്രത്തെ നന്നായി ഉള്‍ക്കൊള്ളാനും രൂപപ്പെടുത്താനും സാധിക്കൂ. അതെ, ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്,” ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ ഷെയിന്‍ പറഞ്ഞു.

പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയെങ്കിലും ആരാണ് കാമുകി എന്ന കാര്യം ഷെയിന്‍ വെളിപ്പെടുത്തിയിട്ടില്ല. ഉല്ലാസമാണ് ഷെയിന്റെ പുതിയ ചിത്രം. നവാഗതനായ ജീവന്‍ ജിയോ സംവിധാനം ചെയ്യുന്ന ചിത്രം സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നത്. പരസ്യ ചിത്രങ്ങളിലൂടെയും ഷോര്‍ട്ട് ഫിലിമുകളിലൂടെയും പ്രശസ്തയായ പവിത്ര ലക്ഷ്മിയാണ് ഈ ചിത്രത്തില്‍ ഷെയിനിന്റെ നായികയായി എത്തുന്നത്. അജു വര്‍ഗീസ്, ദീപക് പറമ്പോല്‍, ബേസില്‍ ജോസഫ്, ലിഷോയ്, അപ്പുകുട്ടി, ജോജി, അംബിക, നയന എല്‍സ തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൈതമറ്റം ബ്രദേഴ്‌സിന്റെ ബാനറില്‍ ജോ കൈതമറ്റം, ക്രിസ്റ്റി കൈത മറ്റം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രവീണ്‍ ബാലകൃഷ്ണന്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.