ചൊക്ലിയിലെ സനൂപ് സിനിമാ നടനല്ല, വെളുത്തിട്ടുമല്ല.. പുരോഗമന രോമങ്ങള്‍ അത് കണ്ടില്ല; വിമര്‍ശനവുമായി ഹരീഷ് പേരടി

നടന്‍ വിനായകന്റെ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ പ്രതികരിച്ച് ഹരീഷ് പേരടി. വിനായകന്റെ വിഷയം കണ്ണൂരില്‍ പിഴ ചുമത്തിയതിനെ ചൊല്ലി പൊലീസും യുവാവും തമ്മില്‍ നടുറോഡില്‍ തര്‍ക്കവുമായി ചേര്‍ത്താണ് ഹരീഷ് പേരടിയുടെ പ്രതികരണം.

പാനൂര്‍ ചൊക്ലിയിലെ സനൂപ് സിനിമ നടനല്ലെന്നും വെളുത്തിട്ടുമല്ലെന്നും അയാളുടെ ജാതി ആര്‍ക്കുമറിയില്ലെന്നും ഹരീഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പൊലീസിന്റെ ഐഡി ചോദിച്ച സിനിമാ നടനൊടൊപ്പം നില്‍ക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു. പ്രശ്‌നം സര്‍ക്കാരും പൊലീസ് നയവും തമ്മിലാണെന്നും ഹരീഷ് പേരടി വ്യക്തമാക്കി.

ഹരീഷ് പേരടിയുടെ കുറിപ്പ്:

പാനൂര്‍ ചൊക്ലിയിലെ സനൂപ്.. സിനിമാനടനല്ല… വെളുത്തിട്ടുമല്ല… അയാളുടെ ജാതി ആര്‍ക്കുമറിയില്ല… ഈ oct 10ന് അയാള്‍ പൊലീസിനോട് ഒരു ചോദ്യം ചോദിച്ചു… സീറ്റ് ബെല്‍റ്റ് ഇടാതെ നിങ്ങള്‍ എങ്ങിനെയാണ് പൊലീസ് വാഹനത്തില്‍ യാത്ര ചെയ്യുന്നത് എന്ന്.. പൊലീസ് കേസ്സുമെടുത്തു… പൊലിസിന്റെ ID ചോദിച്ച സിനിമാനടനൊടൊപ്പം നില്‍ക്കുന്ന എല്ലാ പുരോഗമന രോമങ്ങളും സനൂപിനെ കണ്ടില്ലെന്ന് നടിച്ചു…

അടുത്ത ജന്‍മത്തിലെങ്കിലും ഒരു സിനിമാ നടനാവണം എന്ന് കേരളത്തിലെ ചെറുപ്പക്കാര്‍ ആഗ്രഹിച്ചാല്‍ അത് സംസ്ഥാന പുരസ്‌കാരം കിട്ടാന്‍ വേണ്ടിയല്ല… മറിച്ച് മനുഷ്യാവകാശത്തിന് വേണ്ടിയാണെന്ന് കരുതിയാല്‍ മതി… പ്രശ്‌നം സര്‍ക്കാറും പൊലീസ് നയവുമാണ്… എന്ന് നാടകക്കാരനായ സിനാമാനടന്‍.. ഹരീഷ് പേരടി.