ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌കരിക്കുക: ഹരീഷ് പേരടി

രമേശ് ചെന്നിത്തലയുടേയും സെന്‍കുമാറിനെയും പോലുള്ളവരുടെ പത്രസമ്മേളനങ്ങള്‍ മാധ്യമങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് നടന്‍ ഹരീഷ് പേരടി. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് പേരടിയുടെ പരാമര്‍ശം. കേരളം ഒറ്റക്കെട്ടായി കൊറോണയെ പ്രതിരോധിക്കാന്‍ പരിശ്രമിക്കുമ്പോള്‍ രാഷ്ട്രീയം കളിക്കുന്ന പ്രതിപക്ഷത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

“കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരോട് ഒരു അഭ്യര്‍ത്ഥന. കേരളം ഗൗരവമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ ഇത്തരം ജീവികളുടെ പത്രസമ്മേളനം ബഹിഷ്‌കരിക്കുക. പിന്നെയെല്ലാം ശരിയാകും.” പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ “മീഡിയാ മാനിയ” കൂടുകയാണെന്നും അതു ഒഴിവാക്കണമെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രസ്താവന. കൊറോണയെ സംബന്ധിച്ച് അടിക്കടി നടത്തുന്ന വാര്‍ത്താസമ്മേളനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ചെന്നിത്തലയുടെ ആരോപണം. ഇതിനെ വിമര്‍ശിച്ച് സിനിമാ രംഗത്തുനിന്ന് ഉള്‍പ്പടെ നിരവധി പേരാണ് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്.