ചെലവായത് 60 ലക്ഷം രൂപ, ഇതെങ്ങനെ മുതലാവുമെന്ന് ഞാന്‍ ചോദിച്ചു, ഒടുവില്‍ പ്രിയന്‍ തന്നെ ജയിച്ചു

മോഹന്‍ലാല്‍, ജഗതി ശ്രീകുമാര്‍, രേവതി, തിലകന്‍, ഇന്നസെന്റ്, ജഗദീഷ് തുടങ്ങിയ വമ്പന്‍ താരനിരയെ അണിനിരത്തി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കിലുക്കം. 1991 ഓഗസ്റ്റ് 15നാണ് ചിത്രം റിലീസ് ചെയ്യുന്നത്. . ഇപ്പോഴിതാ സിനിമയുടെ യഥാര്‍ഥ കളക്ഷന്‍ കണക്ക് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഗുഡ്‌നൈറ്റ് മോഹന്‍. സഫാരി ടിവിയുടെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലാണ് ഗുഡ്‌നൈറ്റ് മോഹന്‍ കിലുക്കത്തിന്റെ കളക്ഷന്‍ കണക്ക് വെളിപ്പെടുത്തിയത്.

അന്ന് ചെലവേറിയ പടമായിരുന്നു കിലുക്കം. കിലുക്കത്തിന്റെ ഫസ്റ്റ് കോപ്പി ആയപ്പോള്‍ ആകെ ചെലവായത് 60 ലക്ഷമായിരുന്നു. അന്ന് 20-25 ലക്ഷം രൂപയ്ക്ക് മലയാളം പടം തീരുന്ന കാലമാണ്. ചെലവേറിയ സിനിമയാണെന്നും ഇത് എങ്ങനെ മുതലാവുമെന്നും പ്രിവ്യൂ കണ്ടതിനു ശേഷം പ്രിയദര്‍ശനോട് ഞാന്‍ ചോദിച്ചു. കുറേ തമാശയുണ്ടെന്നല്ലാതെ ‘കഥ’ എന്നൊന്നും കണ്ടില്ലെന്ന് പ്രിയനോട് പറഞ്ഞു.

ഒരു കോടി രൂപയ്ക്കുമേല്‍ ചിത്രം കളക്റ്റ് ചെയ്താല്‍ മറ്റു ഭാഷകളിലേക്കുള്ള റൈറ്റ്‌സ് എനിക്ക് തരുമോ എന്ന് പ്രിയന്‍ ചോദിച്ചു. അന്നൊക്കെ പ്രിയദര്‍ശന്റെയൊക്കെ ശമ്പളം 50,000, 60,000 ഒക്കെയാണ്. അന്ന് എന്റെ ഒരു സിനിമയും ഒരു കോടി കളക്റ്റ് ചെയ്തിട്ടില്ല. മലയാള സിനിമയ്ക്ക് അത്രയും കളക്ഷന്‍ വരും എന്ന കാര്യം തന്നെ എനിക്ക് അറിയില്ലായിരുന്നു.

ഒരു കോടിക്ക് മുകളില്‍ എല്ലാ റൈറ്റ്‌സും നീ എടുത്തോ എന്ന് പ്രിയനോട് ഞാന്‍ പറഞ്ഞു. സിനിമ അന്നത്തെ കാലത്ത് അഞ്ച് കോടി രൂപ കളക്റ്റ് ചെയ്തു. മലയാളത്തില്‍ അതുവരെയുള്ള കളക്ഷന്‍ റെക്കോര്‍ഡുകള്‍ എല്ലാം ബ്രേക്ക് ചെയ്തു കിലുക്കം. തെലുങ്ക്, തമിഴ്, ഹിന്ദി റൈറ്റ്‌സ് വിറ്റ് പ്രിയന്‍ അന്നത്തെ കാലത്ത് എട്ടോ പത്തോ ലക്ഷം രൂപ നേടി. അതും കിലുക്കത്തിന്റെ റെക്കോര്‍ഡ് ആയിരുന്നു.