ആ കഴിവ് ഇന്ദ്രന്‍സിലുണ്ട്, അതാണ് അദ്ദേഹത്തിന്റെ പ്രത്യേകതയും: ഗോകുലം ഗോപാലന്‍

ഉടല്‍ സിനിമയുടെ വലിയ പ്രത്യേകത ഇന്ദ്രന്‍സിന്റെ ഭാവാഭിനയമാണെന്ന് നിര്‍മ്മാതാവ് ഗോകുലം ഗോപാലന്‍. ഇന്ദ്രന്‍സിന് കഥാപാത്രങ്ങള്‍ക്കനുസരിച്ച് മാറാന്‍ കഴിയുമെന്നും, നടന്റെ മുഖത്തുള്ള ഭാവത്തിന് വളരെ വ്യത്യസ്തതയുണ്ടെന്നും അദ്ദേഹം റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

ഉടല്‍ സിനിമയുടെ ആദ്യത്തെ പ്രത്യേകത ഇന്ദ്രന്‍സിന്റെ ഭാവ അഭിനയമാണ്. ഇന്ദ്രന്റെ ഓരോ ഭാവത്തിനും പ്രത്യേകതയുണ്ട്. അതുകൊണ്ട് തന്നെ എന്റെ ഒരു പടത്തില്‍ അദ്ദേഹത്തിനെ കൊണ്ടുവരണം എന്ന് ഏറെക്കാലമായുള്ള എന്റെ ആഗ്രഹമായിരുന്നു. സിനിമ വെറും കാട്ടികൂട്ടലാകരുത്. വലിയ ബഹുമാനം ഇന്ദ്രനോട് തോന്നാറുണ്ട്. അദ്ദേഹം വ്യക്തമാക്കി.

20നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ രചനയും സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ആണ്. മനോജ് പിള്ള ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫ് ആണ്. വില്യം ഫ്രാന്‍സിസ് ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. വിസി പ്രവീണും ബൈജു ഗോപാലനും സഹ നിര്‍മ്മാതാക്കള്‍ ആകുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂര്‍ത്തി ആണ്.