അന്ന് കുഞ്ചാക്കോ ബോബനും ശാലിനിയും അഭിനയിക്കാനെത്തിയത് ഒട്ടും താല്‍പര്യമില്ലാതെ: ഫാസില്‍

മലയാളസിനിമയിലെ ജനപ്രിയ പ്രണയ ചിത്രങ്ങളിലൊന്നായ അനിയത്തിപ്രാവ് 1997 മാര്‍ച്ച് 26നാണ് തിയേറ്ററുകളിലെത്തിയത്. റിലീസിന് കാല്‍നൂറ്റാണ്ട് തികയ്ക്കുന്ന വേളയില്‍ സിനിമയെക്കുറിച്ചും നായികാനായകന്മാരായ ശാലിനിയെയും കുഞ്ചാക്കോ ബോബനെയും കുറിച്ചൊക്കെ തുറന്നുപറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ഫാസില്‍.

ഞാന്‍ ചാക്കോച്ചനെ കാണുന്നതിന് മുമ്പ് ദില്‍വാലേ കണ്ട് കഥ മനസില്‍ വന്ന് കഴിഞ്ഞപ്പോള്‍ തമിഴില്‍ എടുക്കാനാണ് ഉദ്ദേശിച്ചത്. സ്വര്‍ഗചിത്ര അപ്പച്ചനും സത്യന്‍ അന്തിക്കാടുമൊക്കെയുള്ള സദസില്‍ ഞാന്‍ ഈ കഥ പറഞ്ഞു. സത്യന്‍ ചാടിയെണീറ്റിട്ട് ഫാസില്‍ ഇപ്പോള്‍ മലയാളത്തില്‍ ചെയ്യേണ്ട സിനിമയല്ലേ ഇത് എന്ന് ചോദിച്ചു. സ്വര്‍ഗചിത്ര അപ്പച്ചന്‍ അതിനെ പിന്തുണച്ചു. അങ്ങനെയാണ് ഈ സിനിമ മലയാളത്തിലെടുക്കാന്‍ തീരുമാനിച്ചത്. അല്ലെങ്കില്‍ അനിയത്തിപ്രാവിന്റെ തമിഴ് കാതലുക്ക് മര്യാദ ആദ്യം പുറത്തിറങ്ങിയേനെ. അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

കഥയെഴുതി കഴിഞ്ഞപ്പോള്‍ ഒരു പുതിയ പയ്യന്‍ വേണമല്ലോ എന്ന് പലരോടും അന്വേഷിക്കുന്നത് എന്റെ ഭാര്യ കേള്‍ക്കുന്നുണ്ടായിരുന്നു. ഞങ്ങള്‍ പുതിയ വീടുവച്ച് താമസം തുടങ്ങിയിട്ട് അധികം കാലമായിരുന്നില്ല. വീടിന്റെ പാലുകാച്ചല്‍ ചടങ്ങിന്റെ ഫോട്ടോകളുടെ ആല്‍ബം നോക്കുകയായിരുന്ന ഭാര്യ റോസീന. ബോബന്‍ കുഞ്ചാക്കോയും മോളിയും കൂടി പാലുകാച്ചലിന് വന്നപ്പോള്‍ ഒപ്പമുണ്ടായിരുന്ന കുഞ്ചാക്കോയെ കാണിച്ചു തന്നു. എന്നിട്ട് ചാക്കോച്ചന്‍ പോരേ നായകനായി എന്ന് ചോദിച്ചു. ചാക്കോച്ചന്റെ മാതാപിതാക്കളെ വിളിച്ച് ചോദിച്ചപ്പോള്‍ അവരും സമ്മതിച്ചു. ചാക്കോച്ചന്‍ ഒട്ടും താല്‍പര്യമില്ലാതെയാണ് വന്നത്. ചാക്കോച്ചന്‍ അന്ന് ബികോം അവസാന വര്‍ഷമോ മറ്റോ പഠിക്കുകയായിരുന്നു. ഏതെങ്കിലും വിധത്തില്‍ അവന്റെ ഭാവി പോകുമോ എന്നൊരു വിഷമം എനിക്കുണ്ടായിരുന്നു.

ഞാന്‍ ഒരിക്കല്‍ മദ്രാസില്‍ നിന്ന് തിരികെ വരുമ്പോള്‍ യാദൃശ്ചികമായി ശാലിനിയുടെ അച്ഛന്‍ ബാബുവിനെ കണ്ടു. ബാബുവിനോട് ഞാന്‍ ശാലിനിയെക്കുറിച്ചു ചോദിച്ചപ്പോള്‍ ശാലു കോളജില്‍ പഠിക്കുകയാണ് എന്ന് പറഞ്ഞു. സിനിമയില്‍ നായികയാക്കാനൊക്കുമോ? എന്ന് ചോദിച്ചു. സാര്‍ കണ്ടു നോക്കൂ എന്നായിരുന്നു ബാബുവിന്റെ മറുപടി. അങ്ങനെ മദ്രാസിലെ എന്റെ ഓഫീസിലേക്ക് വരുത്തിയാണ് ഞാന്‍ ശാലിനിയെ കണ്ടത്. ശാലിനിക്ക് അഭിനയിക്കാന്‍ താല്‍പര്യമില്ലായിരുന്നു. പഠനം പഠനം എന്ന് പറഞ്ഞ് നടക്കുകയായിരുന്നു. പക്ഷേ എന്റെ സിനിമയായത് കൊണ്ട് ഈ ഒരു സിനിമയില്‍ അഭിനയിച്ച് നിര്‍ത്താമെന്ന ബാബുവിന്റെ നിര്‍ബന്ധം കൊണ്ടാണ് തുടങ്ങിയത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.