സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു, 'ലോക'യുടെ വിജയം ഞെട്ടിച്ചു, പണം നഷ്ടമാകുമെന്നാണ് കരുതിയിരുന്നത്: ദുല്‍ഖര്‍ സല്‍മാന്‍

‘ലോക’ സിനിമയുടെ വിജയം തനിക്ക് ഞെട്ടല്‍ ഉണ്ടാക്കിയെന്ന് നടനും സിനിമയുടെ പ്രൊഡ്യൂസറുമായ ദുല്‍ഖര്‍ സല്‍മാന്‍. 300 കോടി രൂപ കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് ‘ലോക: ചാപ്റ്റര്‍ വണ്‍ – ചന്ദ്ര’. വേള്‍ഡ് ബില്‍ഡിങ്ങിനായുള്ള ആദ്യ ചിത്രത്തില്‍ തങ്ങള്‍ക്ക് പണം നഷ്ടപ്പെടുമെന്ന് കരുതിയിരുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

”സിനിമ ലോകമെമ്പാടും 300 കോടി രൂപ നേടിയെങ്കിലും ഞാനോ പ്രധാന വേഷങ്ങളിലെത്തിയ കല്യാണിയോ നസ്ലിനോ ഈ വിജയം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഒരു സിനിമ വിജയിക്കുന്നതിന്റെ സയന്‍സ് എന്താണെന്ന് നമുക്ക് ഒരിക്കലും വേര്‍തിരിച്ചെടുക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല.”

”ബജറ്റിന്റെ ഇരട്ടിയിലേറെ ചിലവ് വന്നതിനാലും മറ്റ് ചിത്രങ്ങള്‍ക്കായി പാട്ടിന്റെ അവകാശങ്ങള്‍ വില്‍ക്കാന്‍ കഴിയാത്തതിനാലും ആദ്യഘട്ടത്തില്‍ സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ അവസാനം പുറത്തുവന്ന രീതിയില്‍ ഏറെ സംതൃപ്തനായിരുന്നു. ബോള്‍ഡായ, കൂളായ ചിത്രമായാണ് തോന്നിയിരുന്നത്.”

”ചിത്രം വര്‍ക്ക് ആവുകയാണെങ്കില്‍ അടുത്ത ചാപ്റ്ററുകളെ പറ്റി ചിന്തിക്കാമെന്ന് കരുതിയിരുന്നു. പക്ഷെ ഇന്നത്തെ രീതിയില്‍ ആകുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ല” എന്നാണ് ദുല്‍ഖര്‍ പറയുന്നത്. പുതിയ ചിത്രം ‘കാന്ത’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ പ്രതികരിച്ചത്.

Read more

ഓഗസ്റ്റ് 28ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. ഡൊമിനിക് അരുണ്‍ ആണ് തിരക്കഥയും സംവിധാനവും. ‘ലോക: ചാപ്റ്റര്‍’ ആണ് ഇനി വരാനിരിക്കുന്നത്. ഈ ചിത്രത്തില്‍ ടൊവിനോ ആണ് നായകനായി എത്തുക. ചാത്തന്‍ എന്ന കാമിയോ റോളിലാണ് ചാപ്റ്റര്‍ വണ്ണില്‍ ടൊവിനോ എത്തിയത്. ചാത്തന്റെ കഥയാണ് ചാപ്റ്റര്‍ 2 പറയുക.