ക്യാമറാമാന്‍ ക്ലാപ്പ് അടിക്കാന്‍ ആവശ്യപ്പെട്ടു, പൊടി പാറി, മമ്മൂട്ടി ദേഷ്യപ്പെട്ട് ക്ലാപ്പ് ബോര്‍ഡ് കൊണ്ട് എന്റെ തലയ്ക്ക് ഒറ്റയടി: സംവിധായകന്‍ വി.എം വിനു

മമ്മൂട്ടിക്ക് ഒപ്പമുള്ള രസകരമായ അനുഭവം പങ്കുവച്ച് സംവിധായകന്‍ വി.എം വിനു. 1989ല്‍ ജി.എസ് വിജയന്‍ സംവിധാനം ചെയ്ത ചരിത്രം എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് മമ്മൂട്ടിയെ ആദ്യമായി കാണുന്നത് എന്നാണ് സംവിധായകന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറയുന്നത്.

ചരിത്രം സിനിമയുടെ സെറ്റില്‍ തുടക്കത്തില്‍ മമ്മൂട്ടി ഉണ്ടായിരുന്നില്ല. ഒരിക്കല്‍ ക്യാമറമാന്‍ വില്യംസ് തന്നോട് ക്ലാപ്പ് അടിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അത് എളുപ്പ പണി ആയിരുന്നില്ല. അന്ന് ചോക്ക് കൊണ്ടാണ് ബോര്‍ഡില്‍ സീന്‍ നമ്പര്‍ എഴുതിയിരുന്നത്. ആര്‍ട്ടിസ്റ്റുകളുടെ ദേഹത്ത് പൊടി പാറാതെ വേണം ക്ലാപ്പ് അടിക്കാന്‍.

പരിചയം ഇല്ലാത്തതിനാല്‍ തനിക്ക് ഒരുപാട് വഴക്ക് കേള്‍ക്കേണ്ടി വന്നിരുന്നു. അങ്ങനെ മമ്മൂക്ക സെറ്റിലെത്തുന്ന ദിവസമായി. മമ്മൂക്ക വരുന്നത് അറിഞ്ഞതോടെ സെറ്റില്‍ ആകെ മാറ്റമായിരുന്നു. അതുവരെ ടെന്‍ഷന്‍ ഇല്ലാതിരുന്ന സംവിധായകന്റെ മുഖത്തും ചെറിയ പരിഭ്രമം കണ്ടു. മമ്മൂട്ടി സെറ്റില്‍ എത്തി. താന്‍ ക്ലാപ്പ് അടിച്ചു, പൊടി പാറി. അദ്ദേഹം ദേഷ്യം കൊണ്ട് ക്ലാപ്പ് ബോര്‍ഡ് കൊണ്ട് തന്റെ തലയ്ക്ക് ഒറ്റ അടി.

പെട്ടെന്നാണ് മുറിയില്‍ നിന്ന് ഒരു ശബ്ദം കേള്‍ക്കുന്നത്. ചായ കൊണ്ട് വരുന്ന പയ്യന്‍ വാതിലില്‍ മുട്ടിയതായിരുന്നു. പിന്നീടാണ് അത് സ്വപ്നമാണെന്ന് മനസിലായത്. അവസാനം ഷൂട്ടിംഗ് ദിവസം എത്തി. മമ്മൂക്ക വന്നു. പ്രതീക്ഷിച്ചത് പോലെ ഒന്നും സംഭവിച്ചില്ല. ചെറിയ വഴക്കുകള്‍ അദ്ദേഹത്തില്‍ നിന്ന് കേട്ടിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി.