''ബൈജു അവതരിപ്പിച്ച കഥാപാത്രം ചെയ്യേണ്ടിരുന്നത് ദിലീഷ് പോത്തന്‍.., നിരവധി സീനുകൾ ഷൂട്ട് ചെയ്ത ശേഷം പിന്മാറേണ്ടി വന്നു'': ജിനു.വി. എബ്രഹം

കടുവയുടെ ചിത്രീകരണ സമയത്ത് താരങ്ങളെ മാറ്റേണ്ടി വന്നതിനെപ്പറ്റി മനസ്സ് തുറന്ന് തിരക്കഥകൃത്ത് ​ജിനു.വി. എബ്രഹം. ഷൂട്ട് തുടങ്ങിയ ശേഷം പല കാരണങ്ങള്‍ കൊണ്ടും താരങ്ങളെ മാറ്റേണ്ടി വന്നിട്ടുണ്ടെന്ന് ജിനു ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തില്‍ ബൈജു അവതരിപ്പിച്ച കഥാപാത്രം ആദ്യം ചെയ്തത് ദിലീഷ് പോത്തന്‍ ആയിരുന്നെന്നും ചില കാരണങ്ങള്‍ കൊണ്ട് അദ്ദേഹത്തിന് സിനിമയില്‍ നിന്ന് പിന്മാറേണ്ടി വന്നെന്നുമാണ് ജിനു പറയുന്നത്.ബൈജു ചേട്ടന്‍ ചെയ്ത റോള്‍ ആദ്യം ചെയ്തത് ദിലീഷേട്ടന്‍ ആയിരുന്നു. ഒരാഴ്ചയോളം അദ്ദേഹം ഷൂട്ടിനായി വന്നിരുന്നു. അതിനിടെ അദ്ദേഹത്തിന്റെ കാല് ഒടിയുകയും റെസ്റ്റിന് പോകുകയുമായിരുന്നു.

അങ്ങനെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കാന്‍ പറ്റാതെ അദ്ദേഹത്തിന് മടങ്ങേണ്ടിയും വന്നിരുന്നു. അങ്ങനെയാണ് ബൈജു ചേട്ടന്‍ കടുവയിലേയ്ക്ക് വരുന്നത്. ദീലീഷ് പോത്തന്‍ ചെയ്ത രംഗങ്ങള്‍ ഒക്കെ പിന്നീട് ബൈജു ചേട്ടനെ വെച്ച് റീ ഷൂട്ട് ചെയ്യുകയായിരുന്നുവെന്നും ജിനു പറഞ്ഞു.

അരവിന്ദ് സ്വാമിക്ക് പകരമാണ് വിവേക് ഒബ്രോയി എത്തിയതെന്നും അദ്ദേഹം പറഞ്ഞു. കടുവയില്‍ ഏതൊക്കെ താരങ്ങള്‍ വേണമെന്നായിരുന്നു നിര്‍ബന്ധം എന്ന ചോദ്യത്തിന് പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നായിരുന്നു ജിനുവിന്റെ മറുപടി.